ജന്മനാട്ടിലടക്കം തിരിച്ചടി, സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി; സിപിഎമ്മിന്‍റെ 'കരുത്തുറ്റ മുഖ'ത്തേറ്റ വലിയ പ്രഹരം

Published : Jun 23, 2025, 03:24 PM ISTUpdated : Jun 23, 2025, 03:33 PM IST
M SWARAJ

Synopsis

പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്

മലപ്പുറം: നിലമ്പൂർ പോരിന് ഇറങ്ങേണ്ടതാര്? ഇടതു ബന്ധം മുറിച്ച് പടിയിറങ്ങിയതിനൊപ്പം എം എൽ എ സ്ഥാനവും പി വി അൻവർ രാജിവച്ചതുമുതൽ സി പി എം ഉത്തരം തേടിയ ചോദ്യം അതായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും യു ഡി എഫ് സ്ഥാനാർഥി പ്രചരണത്തിനിറങ്ങിയിട്ടും ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു സി പി എം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ വെല്ലുവിളിയായിരുന്നു പിന്നീട് കേരളം കണ്ടത്. സംസ്ഥാന സെക്രട്ടേറിയേറ്റംഗവും സി പി എമ്മിന്‍റെ സൈബർ ലോകത്തെ ഏറ്റവും പ്രിയങ്കരനുമായ നിലമ്പൂരുകാരനായ എം സ്വരാജിനെ ഇറക്കാനായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വെല്ലുവിളി. ആ വെല്ലുവിളിക്ക് വലിയ പ്രസക്തി ആരും കൽപ്പിച്ചില്ലെങ്കിലും സി പി എം നേതൃയോഗങ്ങളിൽ അത് അലയടിച്ചു. നിലമ്പൂരിലെ രാഷ്ട്രീയ പോരിന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടി സ്വരാജിന്‍റെ പേര് നിർദ്ദേശിച്ചതോടെ തിരുമാനം വൈകിയില്ല. രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ എം സ്വരാജിനെ അവതരിപ്പിച്ചു.

കേരളത്തിന്‍റെ പൊതു സമൂഹത്തിൽ അതൊരു ചാട്ടുളിപോലെ തുളച്ചുകയറി. കറകളഞ്ഞ വ്യക്തിത്വമുള്ള യുവ നേതാവ്, കേരളത്തിന്‍റെ ഹൃദയത്തിൽ കടന്നുകയറിയ മികച്ച യുവ വാഗ്മി, നിലപാടുകളുടെ രാജകുമാരൻ, അങ്ങനെ വിശേഷണങ്ങൾ നീണ്ടു. പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. എസ് എഫ് ഐ - ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിക്കായി അരയും തലയും മുറുക്കിയിറങ്ങാൻ സി പി എം യുവതലമുറക്കും നിമിഷനേരം പോലും വേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. അങ്ങനെ നിലമ്പൂരിൽ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടം തിളച്ചുമറിഞ്ഞു. രാഷ്ട്രീയ പോരാട്ടത്തിൽ സ്വരാജല്ലാതെ മറ്റാര് ജയിക്കാൻ എന്ന വിശ്വാസമായിരുന്നു ഇടത് പക്ഷത്തിനും സഹയാത്രികർക്കും സാംസ്കാരിക പ്രമുഖർക്കും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സ്വരാജിനും ഇടത് പക്ഷത്തിനും വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ കരുത്തുറ്റ മുഖത്തേറ്റ വലിയ പ്രഹരമായി നിലമ്പൂർ ഫലം മാറി.

സ്വന്തം മണ്ഡലത്തിൽ തോറ്റു എന്നതിനൊപ്പം ജന്മനാട്ടിലും സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി എന്നത് സ്വരാജിനെ സംബന്ധിച്ചടുത്തോളം വലിയ പ്രഹരമാണ്. സി പി എമ്മിന് വലിയ സ്വാധീനമുള്ള പോത്തുകല്ലാണ് സ്വരാജിന്‍റെ ജന്മ സ്ഥലം. സി പി എം ഭരിക്കുന്ന പഞ്ചായത്തായിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തിന് മുന്നിലെത്താനായില്ല എന്നത് പാർട്ടിയെ ഞെട്ടിക്കുന്നതാണ്. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യു ഡി എഫ് മുന്നേറുകയായിരുന്നു. നിലമ്പൂർ നഗരസഭയിലാണ് സ്വരാജ് ഇപ്പോൾ താമസിക്കുന്നത്. സ്വരാജ് വോട്ടിട്ട നഗരസഭയിൽ ഭരണവും സി പി എമ്മിന് തന്നെയാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും സ്വരാജിന് ചലനമുണ്ടാക്കാനിയില്ല. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യമാണ് ഇതോടെ നഷ്ടമായത്. 

മണ്ഡലത്തിനൊപ്പം നഗരസഭയും പഞ്ചായത്തുകളപ്പാടെയും കോൺഗ്രസിന്‍റെ 'കൈ' പിടിച്ചപ്പോൾ ഇനി സി പി എമ്മിലും മുന്നണിയിലും ചർച്ച കനക്കും. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിന് വരുംനാളുകളില്‍ എല്‍ഡിഎഫ് ഉത്തരം തേടും. ഇത്രയും വ്യക്തിപ്രഭാവമുള്ള, പ്രതീക്ഷയുമുള്ള യുവ നേതാവ്, ജന്മ നാട്ടിൽ പോലും പരാജയമേറ്റുവാങ്ങിയതിന്‍റെ കാരണം പാർട്ടി കണ്ടെത്തുമ്പോൾ, 'ഭരണ വിരുദ്ധ വികാരം' എന്ന ഉത്തരം കൂടി അതിൽ അടയാളപ്പെടുത്തുകയാണെങ്കിൽ 2026 ലേക്കുള്ള മുന്നറിയിപ്പാകും അത്. സ്വരാജിനെ സംബന്ധിച്ചടുത്തോളം അതൊരു നേരിയ ആശ്വാസവുമാകും.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ