
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യം കൊണ്ട് മാറിനിന്ന ഒഴിവിലേക്ക് എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി എത്തിയിട്ട് ഓഗസ്റ്റ് 28 ന് ഒരു വര്‍ഷം തികയുകയാണ്. പ്രതീക്ഷകളുടെ അമിത ഭാരവുമായാണ് പാര്‍ട്ടി ക്ലാസുകളിലെ ദാര്‍ശനിക മുഖവും തിരുത്തൽവാദിയുമായ എം വി ഗോവിന്ദൻ സെക്രട്ടറി പദവിയിലെത്തിയതെങ്കിലും തിരുത്തൽ നടപടികൾ താഴെത്തട്ടിൽ ഒതുങ്ങി. പാർട്ടിയെന്നാൽ പിണറായിയുടെ ചൊൽപ്പിടിക്കെന്ന പേരുദോഷവും ബാക്കി.
പാര്‍ട്ടി ക്ലാസുകളിൽ നിന്ന് നേരെ പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് എത്തിയ പ്രതീതിയിലായിരുന്നു എം വി ഗോവിന്ദന്‍റെ സ്ഥാനാരോഹണം. ജനകീയ മുഖമായ കോടിയേരി ഇരുന്ന കസേരയിലേക്ക് പ്രതീക്ഷയുടെ അമിതഭാരവുമായാണ് എം വി ഗോവിന്ദൻ എത്തിയത്. നയവ്യതിയാനങ്ങളും വ്യക്തികേന്ദ്രീകൃത പ്രവർത്തന ശൈലിയും അടക്കം പലവിധ പ്രതിസന്ധികളിൽ പെട്ടുഴലുന്ന പാർട്ടിയെ സംഘടനാ ചിട്ടകളിലേക്ക് തിരിച്ചെത്തിക്കാൻ ഗോവിന്ദന് കഴിയുമെന്ന വിശ്വാസമായിരുന്നു അതിൽ പ്രധാനം. സെക്രട്ടറി പദവിയിലിരുന്ന് സരസമായി സംവദിച്ചിരുന്ന കോടിയേരി ശൈലിയും ദാര്‍ശനികതയിൽ നിന്ന് ഇറങ്ങിവരാൻ കൂട്ടാക്കാത്ത എം വി ഗോവിന്ദന്റെ രീതിയും. കഴിഞ്ഞ ഒരു വർഷത്തിനിടെ വാക്ക് മുതൽ ശൈലി വരെ അളന്ന് തൂക്കി വിലയിരുത്തുകയാണ് രാഷ്ട്രീയ കേരളം.
എല്ലാക്കാലത്തും പാര്‍ട്ടി ആശ്രയിച്ചിരുന്ന ക്രൈസിസ് മാനേജർ, നയവ്യതിയാനങ്ങളോട് വിട്ടുവീഴ്ചക്കില്ലെന്ന മനോഭാവം. തിരുത്തൽ രേഖ നടപ്പാക്കാൻ വാശിപിടിച്ച എം വി ഗോവിന്ദൻ, പ്രാദേശിക അപ്രമ്ദിത്വങ്ങളെ പാർട്ടി അച്ചടക്കത്തിന്റെ പേരിൽ നിലക്ക് നിറുത്തിയിരുന്നു. എന്നാൽ, ആ ആർജ്ജവം പക്ഷെ പാർട്ടി മേൽത്തട്ടിലേക്ക് എത്തിയില്ല. കോടിയേരിക്ക് പകരം ആരുമാകാമായിരുന്ന കണ്ണൂർ നേതൃനിരയിൽ നിന്ന് തന്നെയാണ് എം വി ഗോവിന്ദന് ഉൾപ്പാർട്ടി പോര് അധികവും. നേതൃമാറ്റം തീരെ ദഹിക്കാതിരുന്ന ഇ പി ജയരാജൻ നിരന്തരം അലോസരമുണ്ടാക്കി. പ്രതിച്ഛായ നിർമ്മിതി കണക്കാക്കി സംഘടിപ്പിച്ച ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ പോലും ഇ പി ഗോവിന്ദൻ വാക്പോരിൽ മുങ്ങി. ഇപി ഉൾപ്പെട്ട റിസോർട്ട് വിവാദത്തിൽ അടക്കം പാർട്ടിക്കകത്തെ പൊട്ടിത്തെറി ഉണ്ടായി. റോഡിലെ ക്യാമറ മുതൽ ഇങ്ങ് കരിമണൽ മാസപ്പടി വരെ പാർട്ടിയും സർക്കാരും ചെന്ന് പെട്ട വിവാദങ്ങൾ, മോൺസൺ കേസ് മുതൽ മിത്ത് വിവാദത്തിൽ വരെ പറയാതെ പറഞ്ഞും, പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തുകയും ചെയ്തു പാർട്ടി സെക്രട്ടറി.
എല്ലാറ്റിനുമൊടുവിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കളത്തിലാണ് പാർട്ടിയിപ്പോൾ. നിർണ്ണായക നയസമീപനങ്ങളിൽ പോലും വേണ്ടത്ര കൂടിയാലോചനകളില്ലെന്ന ആക്ഷേപം പാർട്ടിക്കത്തും മുന്നണി നേതൃത്വത്തിനുമുണ്ട്. സർക്കാരിനെ ആവശ്യത്തിന് നിയന്ത്രിച്ചും അത്യാവശ്യ ഘട്ടത്തിൽ തിരുത്തിയും മുന്നോട്ട് പോകാൻ എം വി ഗേവിന്ദന് കഴിയുമെന്ന് തീർത്ത് പ്രതീക്ഷിച്ചവർക്കുമുണ്ട് തെല്ല് നിരാശ. പിണറായിക്ക് നിഴലെന്ന പ്രതിച്ഛായയിൽ നിന്ന് പാർട്ടിയെ പുറത്തെടുക്കാൻ ഒരു വർഷത്തിനിടെ എം വി ഗോവിന്ദന് ഒന്നും ചെയ്യാനായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam