
തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യം വച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 1956 ൽ രൂപപ്പെടുത്തിയ ഒരു സംവിധാനം ആണ് ഇഡി. ഇഡിക്ക് വലിയ അധികാര അവകാശങ്ങളൊന്നും ഇല്ലായിരുന്നു. കള്ളപ്പണം വരുന്നതെങ്ങനെ എന്ന് വിലയിരുത്തലായിരുന്നു ഇഡിയുടെ പണി. പി ചിദംബരത്തിന്‍റെ കാലത്താണ് ഇഡിക്ക് എന്തിലും ഇടപെടാനുള്ള അവകാശം നൽകിയത്. ആ ചിദംബരത്തിന് തന്നെ പിന്നീട് പണിയായി. വേണ്ടതിലും വേണ്ടാത്തതിലും ഇടപെടാനുള്ള അവകാശം ഇഡിക്ക് ഉണ്ടോ എന്ന് കോടതി പരിഗണിക്കുകയാണ്. പുതിയ കേസ് പിണറായിക്കെതിരെ എടുക്കാനാണ് നീക്കമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയ ഉന്നത്തിന് വേണ്ടി എന്തെല്ലാം വേണോ അതെല്ലാം ചെയ്യുകയാണ് ഇഡിയെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. കരുവന്നൂർ ബാങ്കാണ് ഏറ്റവും വലിയ ഉദാഹരണം. മാനേജറും സെക്രട്ടറിയും ജയിലിലായി. സംസ്ഥാനത്ത് കൃത്യമായി കേസ് കൈകാര്യം ചെയ്തു. എന്നാൽ പ്രശ്നം അവസാനിക്കുമെന്ന ഘട്ടത്തിൽ ഇഡി വന്നു. ജയിലിൽ കിടക്കുന്നവരെ മാപ്പുസാക്ഷിയാക്കാം എന്ന് ഇഡി പറഞ്ഞു. പാർട്ടിക്കാരാണ് ഇതെല്ലാം ചെയ്തതെന്ന് പറഞ്ഞാൽ മതി എന്നാണ് അവരോട് ഇഡി ആവശ്യപ്പെട്ടതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറി. കള്ളത്തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുന്നു. കേരളത്തിലെ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ എം എ ബേബി എഐസിസി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയും റെയ്ഡ് വിവരങ്ങളെ ചോദ്യം ചെയ്തും മുഹമ്മദ് റിയാസും രംഗത്തെത്തി. പിണറായിക്കും വീണയ്ക്കുമെതിരെ മൊഴി നല്‍കാന്‍ തന്‍റെ സുഹൃത്ത് ഹസന്‍ വാരിസിനെ ഇഡി ഭീഷണിപ്പെടുത്തി. വീണ നല്‍കാത്ത മൊഴികള്‍ നല്‍കിയെന്ന് വരുത്താനാണ് ശ്രമം. കീഴടങ്ങില്ലെന്നും അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam