പിണറായിക്കെതിരായ ഇഡി ശുപാർശയില്‍ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസി യോഗത്തിലെ ധാരണ. പിണറായിക്ക് എതിരായ ഇ ഡി ശുപാർശയില്‍ തുടർനടപടി ആലോചിച്ച് മതിയെന്ന് വിടി ബല്‍റാം. ഉടനടി കേസ് എടുക്കണമെന്ന് മാത്യു കുഴല്‍നാടൻ. നിയമപരമായി പരിശോധനക്ക് ശേഷം തുടർനടപടി എന്നും കേസ് എടുക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി ശുപാർശ അതീവ ഗൗരവമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേസെടുക്കേണ്ട സാഹചര്യമെന്നാണ് കെപിസിസി യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തിയത്. എന്നാല്‍, എടുത്ത് ചാടി നടപടി വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുധാരണ. പിണറായിക്കെതിരായ തുടർനടപടി ആലോചിച്ച് മതിയെന്ന് വിടി ബല്‍റാം അഭിപ്രായപ്പെട്ടു. എന്നാല്‍, ഉടനടി കേസെടുക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ നിലപാട്.
തിടുക്കത്തില്‍ നടപടി വേണ്ടെന്ന് കെപിസിസി
പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡി ശുപാർശ ചർച്ച ചെയ്ത് കെപിസിസി. എടുത്ത് ചാടി നടപടി വേണ്ടെന്നാണ് യോഗത്തില്‍ ഉയർന്ന നിര്‍ദേശം. കരുതലോടെ നിയമവിശങ്ങള്‍ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവർ ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഉടൻ കേസെടുക്കണമെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും ആലോചിച്ച് നീങ്ങണമെന്ന് വി ടി ബൽറാം അഭിപ്രായപ്പെട്ടു. നിയമപരമായി പരിശോധനയ്ക്ക് ശേഷം തുടർനടപടി എന്നും കേസെടുക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവം ഗൗരവതരമാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിന് ശേഷം സണ്ണി ജോസഫ് പ്രതികരിച്ചു.
എജിയും ഡിജിപിയും സംയുക്തമായ നിയമോപദേശം നൽകും
അതേസമയം ഇഡി നൽകിയ കത്തിൽ അഡ്വക്കറ്റ് ജനറലും ഡിജിപിയും സംയുക്തമായ നിയമോപദേശം നൽകും. അഴമിതി നിരോധന നിയമപ്രകാരമുള്ള പരാതികളിൽ ആദ്യം പ്രാഥമിക പരിശോധന വേണമെന്ന് സുപ്രീംകോടതി വിധികളടക്കമുണ്ട്. ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാം എന്നായിരിക്കും നിയമോപദേശം. രണ്ട് ദിവസത്തിനകം നിയമോപദേശം സർക്കാറിന് കൈമാറും.

