
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആഹ്വാനവും കേട്ട് സിപിഎം വേദിയിലേക്ക് കെ വി തോമസിനെ (K V Thomas) തല്ലാൻ വരാൻ ധൈര്യമുളള കോൺഗ്രസുകാരുണ്ടെങ്കിൽ കാണട്ടെയെന്ന് വെല്ലുവിളിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂരിൽ കെ വി തോമസ് സുരക്ഷിതനായിരിക്കും. കെ വി തോമസിന് രാഷ്ട്രീയ മാറ്റം ഉണ്ടാകില്ല എന്ന് പറയാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്‍റെ പേരിൽ കെ വി തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് എം എ ബേബിയും പറഞ്ഞു. സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്തില്ല. ദിശാബോധമില്ലാത്തവരാണ് കോൺഗ്രസിന്‍റെ ഹൈക്കമാൻഡെന്ന്, കെ സി വേണുഗോപാലിനെ പരിഹസിച്ച് എം എ ബേബി പറഞ്ഞു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമായിരിക്കുമെന്ന് എ കെ ബാലനും പ്രതികരിച്ചു. കെ സുധാകരന്റെ ഈ നിലപാട് കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാവില്ലെന്നും ബാലൻ പറഞ്ഞു. കോൺഗ്രസ്സ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും കെ വി തോമസിനോടുള്ള പാർട്ടി സമീപനമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
എന്നാല്‍, കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കോൺഗ്രസ് പുറത്താക്കിയാൽ കെ വി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോൾ പ്രസക്തമാല്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലാണ് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാർ.
സിപിഎം വേദിയിൽ കെ വി തോമസ് എന്താകും പറയുകയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എഐസിസി നിർദ്ദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസിനെതിരെ, കോൺഗ്രസിന്‍റെ നടപടിയും ഉടൻ ഉണ്ടാകും. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയിൽ ഉയർന്നിട്ടുള്ളത്.
ഇന്നലെ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. ഹർഷാരവത്തോടെയാണ് എം വി ജയരാജനൊപ്പം വിമാനത്താവളത്തിന് പുറത്തെത്തിയ കെ വി തോമസിനെ സി പി എം പ്രവർത്തകർ സ്വീകരിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്നായിരുന്നു ചുവന്ന ഷാൾ അണിയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ കെ വി തോമസ്, പിണറായി കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണെന്നും പല കാര്യങ്ങൾക്കായി ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam