കെഎസ്ആര്‍ടിസി പണിമുടക്കില്ലെന്ന കെ ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി എം എ ബേബി; 'എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണം'

Published : Jul 08, 2025, 01:48 PM IST
MA Baby KB Ganesh Kumar

Synopsis

എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ദില്ലിയിൽ പറഞ്ഞു.

ദില്ലി: സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിൽ ​കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ലെന്ന ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും ബേബി ദില്ലിയിൽ പറഞ്ഞു. അതേസമയം, പണിമുടക്കിൽ കോൺ​ഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കാത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അന്നം തരുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം നിൽക്കണമെന്നും, മനസിലാക്കാത്തവർ ഇനിയെങ്കിലും മനസിലാക്കേണ്ട സമയമാണിതെന്നും എം എ ബേബി വ്യക്തമാക്കി.

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണം എന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെടുന്നതിനിടെ സമരത്തെ പരോക്ഷമായി വെല്ലുവിളിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് പറഞ്ഞ മന്ത്രി ജീവനക്കാർ എല്ലാം സംതൃപ്തനാണെന്ന് കൂടി പറഞ്ഞുവച്ചു.

ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ അണിനിരക്കുമ്പോൾ കേരളത്തിൽ നാളെ ജനജീവിതം സ്തംഭിക്കാനാണ് സാധ്യത. കടകളടച്ചും, യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ബസ് ഓട്ടോ ടാക്സി സർവീസുകളും പേരിന് മാത്രമാകും. എന്നാൽ അതിനിടെ സമരത്തെ പരോക്ഷമായി വെല്ലുവിളിച്ച് സംസ്ഥാന സർക്കാരിലെ ഒരു മന്ത്രി തന്നെ രംഗത്തെത്തിയത് സംഘാടകർക്ക് അപ്രതീക്ഷിത തിരിച്ചടിയായി. കെഎസ്ആർടിസി നാളെ സർവീസ് നടത്തുമെന്ന് പറഞ്ഞ മന്ത്രി, കെഎസ്ആർടിസി ജീവനക്കാർ എല്ലാവരും സംതൃപ്തരാണ് എന്നുകൂടി പറഞ്ഞു. സമരം പ്രഖ്യാപിച്ച യൂണിയനുകൾ ഒന്നും കെഎസ്ആർടിസിക്ക് കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ​ഗണേഷ് കുമാറിന്‍റെ പ്രതികരണം.

എന്നാൽ, പണിമുടക്ക് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നൽകിയതായി വ്യക്തമാക്കി കെഎസ്ആർടിസിലെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവനയെ തള്ളി ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണനും രംഗത്തെത്തി. കെഎസ്ആർടിസി ജീവനക്കാർ നാളെ പണിമുടക്കുമെന്ന് വ്യക്തമാക്കിയ ടി പി മന്ത്രിയുടെ പ്രസ്താവന സമരത്തെ ബാധിക്കും എന്നു കൂടി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു