കെ എം ബഷീറിന്റ കുടുംബത്തിന് സാന്ത്വനമായി എം എ യൂസഫലി

By Web TeamFirst Published Aug 4, 2019, 12:17 PM IST
Highlights

ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് യൂസഫലി

അബുദാബി: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി എംഎ യൂസഫലി.  കെ എം ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്‌മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുക.  ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് അനുശോചന സന്ദേശത്തിൽ യൂസഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

കേസിൽ റിമാന്‍റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിലാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല, പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയിൽ ശ്രീറാമിന് ലഭിക്കുന്നത്. എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നൽകിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. എംആര്‍ഐ സ്കാൻ അടക്കം പരിശോധനകൾ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിൽ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. 

എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്. പരിചയക്കാരും സുഹൃത്തുക്കളുമായ ഡോക്ടര്‍മാരാണ് ചികിത്സിക്കാൻ ഒപ്പം ഉള്ളത്. ശ്രീറാം വെങ്കിട്ടരാമൻ ടിവി കണ്ടുകൊണ്ടിരിക്കുകയാണ് എന്നതടക്കമുള്ള വിവരങ്ങളും ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ശ്രദ്ധേയമായ കാര്യം. 

മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത വിധം ഒരു പരുക്കും ശ്രീറാമിന് ഇല്ലെന്നിരിക്കെ ശ്രീറാമിന് വേണ്ടി പൊലീസ് വഴിവിട്ട സഹായം നൽകുകയാണെന്നും ഇതോടെ വ്യക്തമായി. അപകടത്തെ തുടര്‍ന്ന് കാര്യമായ പരുക്കൊന്നും ശ്രീറാമിനുള്ളതായി ചികിത്സിച്ച ഒരു ഡോക്ടറും ഇതുവരെ റിപ്പോര്‍ട്ട് നൽകിയിട്ടില്ല.

click me!