സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് എസി ഡീലക്സ് റൂം; രക്തത്തിൽ മദ്യത്തിന്‍റെ അളവ് കുറയ്ക്കാൻ മരുന്നും?

By Web TeamFirst Published Aug 4, 2019, 11:43 AM IST
Highlights

സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ നടപടികൾ വൈകുകയാണ്. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. 

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിൽ. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയിൽ ശ്രീറാമിന് ലഭിക്കുന്നത്. എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നൽകിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. എംആര്‍എ സ്കാൻ അടക്കം പരിശോധനകൾ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിൽ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. 

എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്. പരിചയക്കാരും സുഹൃത്തുക്കളുമായ ഡോക്ടര്‍മാരാണ് ചികിത്സിക്കാൻ ഒപ്പം ഉള്ളത്. ശ്രീറാം വെങ്കിട്ടരാമൻ ടിവി കണ്ടുകൊണ്ടിരിക്കുകയാണ് എന്നതടക്കമുള്ള വിവരങ്ങളും ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ശ്രദ്ധേയമായ കാര്യം. 

മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത വിധം ഒരു പരുക്കും ശ്രീറാമിന് ഇല്ലെന്നിരിക്കെ ശ്രീറാമിന് വേണ്ടി പൊലീസ് വഴിവിട്ട സഹായം നൽകുകയാണെന്നും ഇതോടെ വ്യക്തമായി. അപകടത്തെ തുടര്‍ന്ന് കാര്യമായ പരുക്കൊന്നും ശ്രീറാമിനുള്ളതായി ചികിത്സിച്ച ഒരു ഡോക്ടറും ഇതുവരെ റിപ്പോര്‍ട്ട് നൽകിയിട്ടില്ല.

അതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന. രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് നീക്കം. മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍റിലായിട്ടും  സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്പെൻഷൻ നടപടികളും വൈകുകയാണ്. 

തുടര്‍ന്ന് വായിക്കുക: ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് പദവി നഷ്‌ടപ്പെടുമോ?

അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും പരിശോധനയ്ക്ക് രക്തം എടുക്കാത്ത പൊലീസിന്‍റെ നടപടിയും വലിയ വിവാദമായിരുന്നു. പിന്നീട് രക്ത സാമ്പിൾ എടുത്തെങ്കിലും പരിശോധനാ ഫലം ഇത് വരെ കിട്ടിയിട്ടില്ല. കെമിക്കൽ എക്സാമിനേഷൻ ലാബ് അവധിയാണെന്ന കാരണമാണ് പൊലീസ് പറയുന്നത്. അതേസമയം ജനറൽ ആശുപത്രിയിൽ നിന്ന് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് പോലും രക്ത പരിശോധനാ ഫലം അട്ടിമറിക്കാനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. മദ്യത്തിന്‍റെ അംശം കുറക്കാൻ മരുന്ന് കഴിച്ചോ എന്നതടക്കമുള്ള സംശയങ്ങളും ബലപ്പെടുകയാണ്. 

 

 

click me!