
ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷൻ കേസിലേത് അടക്കമുള്ള ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി രംഗത്ത്. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിന് ദുബായിൽ മറുപടി പറയുകയായിരുന്നു യൂസഫലി. സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോട് ചോദിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കൊന്നും മറുപടി പറയുന്നില്ലെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ഇത്തരത്തിൽ പലതും കേൾക്കേണ്ടി വരും. വിമർശനങ്ങൾ കേട്ട് പിന്തിരിയുന്ന ആളല്ല താൻ എന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.
Also Read: 'കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല'; കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള
അതിനിടെ, സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബെംഗളൂരു കൃഷ്ണരാജപുര സ്റ്റേഷനിലാണ് വിജേഷ് പിള്ളയ്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും വിജേഷ് പിള്ള പ്രതികരിച്ചു. ഐപിസി 506 - അഥവാ കുറ്റകരമായ ഭീഷണി എന്ന വകുപ്പ് ചുമത്തിയാണ് ബെംഗളൂരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച് നാലിന് ബെംഗളുരു വൈറ്റ് ഫീൽഡിലുള്ള സുരി എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് ഒരു ഒടിടി സീരീസിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ വിജേഷ് പിള്ള തന്നെ വിളിച്ച് വരുത്തിയെന്നാണ് സ്വപ്ന പരാതിയിൽ പറയുന്നത്.