
പത്തനംതിട്ട: വീടിന്‍റെ മുറ്റത്തു നിന്ന് വെട്ടുകത്തി മോഷ്ടിച്ചവരുടെ ദൃശ്യം സിസിടിവിയിൽ കണ്ട വീട്ടുകാർ അന്തം വിട്ടു. പത്തനംതിട്ട കൊടുമണിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിക്കാണ് സംഭവം. വീട്ടുകാർ നല്ല ഉറക്കമായിരുന്ന സമയത്താണ് ആ രണ്ട് പേർ എത്തിയത്. വീടിന്‍റെ റബ്ബർ ഷീറ്റടിക്കുന്ന ഭാഗത്തെത്തി ചുറ്റും പരതി. ഒരു വെട്ടുകത്തി കണ്ണിലുടക്കി. കൂട്ടത്തിൽ ഒരാൾ അത് കടിച്ചെടുത്തു. കുറച്ചു നേരം തട്ടിക്കളിച്ചു. പിന്നീട് വെട്ടുകത്തിയും കടിച്ച് യാത്രയായി. ആ മോഷ്ടാക്കൾ മനുഷ്യരല്ല, മറിച്ച് രണ്ട് കുറുനരികളാണ്.
കൊടുമൺ സ്വദേശി അലക്സ് മാത്യുവിന്‍റെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. അലക്സും കുടുംബവും തിങ്കളാഴ്ച ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. തിരിച്ചെത്തി കരിക്ക് വെട്ടാൻ വെട്ടുകത്തി നോക്കിയപ്പോൾ എവിടെയും കാണാനില്ല. തുടർന്ന് കള്ളന്മാർ ആരെങ്കിലും കയറിയോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് 'കള്ളന്മാരെ' പിടികിട്ടിയത്. വീട്ടിലെ സിസിടിവിയിൽ രണ്ട് കുറുനരികളുടെ ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
തെങ്ങിൽ കയറുന്നവർക്ക് ശരീരത്തിൽ കെട്ടിവയ്ക്കാൻ പാകത്തിന് വെട്ടുകത്തിയിൽ കയർ കെട്ടിയിരുന്നു. ഈ കയറിൽ കടിച്ചാണ് കുറുനരികൾ വെട്ടുകത്തിയുമായി കടന്നത്. ഏതായാലും കുറുനരികൾ കത്തി അധിക ദൂരം കൊണ്ടുപോയില്ല. പറമ്പിൽ നിന്നു തന്നെ കിട്ടിയെന്ന് അലക്സ് പറഞ്ഞു.