മധുക്കേസ്:'നീതി നടപ്പാക്കും',കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളെന്ന കെകെ രമയുടെ ആരോപണത്തിൽ ചൊടിച്ച് മുഖ്യമന്ത്രി

Published : Aug 23, 2022, 10:56 AM ISTUpdated : Aug 23, 2022, 10:58 AM IST
മധുക്കേസ്:'നീതി നടപ്പാക്കും',കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളെന്ന കെകെ രമയുടെ ആരോപണത്തിൽ ചൊടിച്ച് മുഖ്യമന്ത്രി

Synopsis

മധു കൊലക്കേസിൽ പോലീസുകാരുടെ പങ്ക് മറച്ചുവയ്ക്കുന്നതിന് കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളാണ് കൂറുമാറിയത് എന്ന് കെ കെ രമ പറഞ്ഞു    

തിരുവനന്തപുരം : അട്ടപ്പാടി മധു കൊലക്കേസ് നാടിന്‍റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. കേസിലെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. സാക്ഷികൾക്കും പ്രോസിക്യൂഷനും എല്ലാ സഹായവും പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകൻ മധുവിന്‍റെ അമ്മയോട് ഭീഷണി സ്വരത്തിൽ സംസാരിച്ചു എന്ന് പ്രതിപക്ഷ അംഗം പറയുന്നത് ശരിയാണ്. കോടതിയും ഇക്കാര്യം ശരി വെച്ചിട്ടുണ്ടെന്നും നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മധു ഈ നാടിൻറെ മുന്നിലുള്ള ഏറ്റവും ഗൗരവതരമായ പ്രശ്നം ആണ്. ഒരു അലംഭാവവും പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

എംഎൽഎമാരായ എ പി അനിൽകുമാർ,ഉമ തോമസ്, കെ കെ രമ എന്നിവരാണ് മധു കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതിൽ കെ കെ രമയുടെ ചോദ്യം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. മധു കൊലക്കേസിൽ പോലീസുകാരുടെ പങ്ക് മറച്ചുവയ്ക്കുന്നതിന് കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളാണ് കൂറുമാറിയത് എന്ന് കെ കെ രമ പറഞ്ഞു. ഇത് പ്രത്യേകമായിട്ടുള്ള ആരോപണം ആണെന്നും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ യഥാർഥ പ്രതികളല്ലെന്ന് നാട്ടുകാർ പോലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെകെ രമയുടെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണോ അതോ മനപൂർവം പ്രതികളെ രക്ഷിക്കാനാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണം വഴി തെറ്റിക്കാനാണോ ഇത്തരം പരാമർശമെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം വാളയാർ കേസിനുണ്ടായ ഗതികേട് മധു കേസിന് ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മധു കൊല കേസിൽ പോലീസിന്‍റേയും സർക്കാരിന്‍റേയും ഭാഗത്ത് ഗുരുതര വീഴ്ചകൾ ഉണ്ടായി. ആനുകൂല്യങ്ങൾ കൊടുക്കാത്തതുകൊണ്ട് രണ്ട് പ്രോസിക്യൂട്ടർമാർ ഒഴിഞ്ഞുപോയെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ കേസ് അന്വേഷണത്തിൽ വീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പ്രോസിക്യൂഷൻ വീഴ്ച വരാതിരിക്കാൻ ശ്രദ്ധിക്കും. സാക്ഷികൾ പ്രതികളുടെ ദുസ്വാധീനത്തിന് വഴങ്ങുന്ന അവസ്ഥ ഉണ്ടായി , പൊലീസും പ്രോസിക്യൂഷനും വെറുതെ ഇരിക്കില്ലെന്നും മുഖ്യമന്ത്ര പറഞ്ഞു


കൂറുമാറ്റത്തിലെ അറിയാക്കഥകൾ; മധുകൊലക്കേസിലെ പ്രതികൾ സാക്ഷികളെ വിളിച്ചത് 385 തവണ, ഇടനിലക്കാരൻ വഴിയും വിളിച്ചു

അട്ടപ്പാടി മധുകൊലക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ നേരിട്ടും ഇടനിലക്കാരൻ മുഖേനെയും 385 തവണ സാക്ഷികളെ ഫോണിൽ വിളിച്ചു. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള കൂടുതൽ ആശയവിനിമയവും. ഇടനിലക്കാരൻ ആഞ്ചൻ്റെ അയൽവാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാർഡ് വാങ്ങിയും സാക്ഷികളെ ബന്ധപ്പെട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിന്റെ നിയമപരമായ പിൻബലത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് മധുകേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ടത്.

രണ്ടാംപ്രതി മരയ്ക്കാൻ 11 തവണ സ്വന്തം ഫോണിൽ നിന്ന് സാക്ഷികളെ വിളിച്ചു. 14,15,16,18, 19, 32 സാക്ഷികളെയാണ് ബന്ധപ്പെട്ടത്. ഇവരിൽ അഞ്ചുപേർ കൂറുമാറി. മൂന്നാംപ്രതി ശംസുദ്ദീൻ 63 തവണ പതിനാലാം സാക്ഷി ആനന്ദിനെ മാത്രം വിളിച്ചു. കൂറുമാറിയ സാക്ഷിയാണ് ആനന്ദൻ. ആറാം പ്രതി അബൂബക്കറും പന്ത്രണ്ടാം പ്രതി സജീവനും അമ്പതിലേറെ തവണ സാക്ഷികളുമായി ബന്ധപ്പെട്ടു.പതിനഞ്ചാംപ്രതി ബിജു മുപ്പതി രണ്ടാം സാക്ഷിയെ മാത്രം 49 തവണ ഫോണിൽ വിളിച്ചതിനും രേഖകളുണ്ട്. പതിനാറാം പ്രതി മൂനീർ ഒരു സാക്ഷിയെ മാത്രം വിളിച്ചത് 38 തവണ.

8943615072 ഇത് ഇടനിലക്കാരൻ ഉപയോഗിച്ച സിം ആണ്. സിമ്മിൻ്റെ ഉടമസ്ഥാവകാശം പരിശോധിച്ചപ്പോൾ ഭഗവതി എന്ന വ്യക്തിയുടേത്. ഊത്ത് കുഴി ഊര്, ഷോളയൂർ ഇതാണ് മേൽവിലാസം.പൊലീസ് ഭഗവതിയെ കണ്ട് അന്വേഷിച്ചപ്പോൾ, അങ്ങനെ ഒരു സിം എടുത്തിട്ടില്ലെന്ന് വ്യക്തമായി. അതിൽ കാണപ്പെട്ട ഫോട്ടയെ കുറിച്ചായി പിന്നീട് പരിശോധന. നിഷ എന്ന യുവതിയുടേതാണ് ഫോട്ടോ. അവരെ കണ്ടെത്തി വിവരം തിരക്കിയപ്പോൾ, 2019ൽ ഭഗവതിയുടെ അനുജത്തി ധനലക്ഷ്മിക്ക് വേണ്ടി ഒരു സിംകാർഡ് എടുത്ത് നൽകിയിട്ടുണ്ട്. അതിൽ ഉപയോഗിച്ചത് സ്വന്തം ഫോട്ടോ ആണ്. തിരിച്ചറിയൽ രേഖ ഭഗവതിയുടേത്.

ധനലക്ഷ്മിയെ വിവാഹം കഴിച്ചത് ആനവായി ഊരിലുള്ള ശിവകുമാർ ആണ്. പിന്നാലെ, ഈ സിം ശിവകുമാർ ഉപയോഗിക്കാൻ തുടങ്ങി. ഇടക്കാലത്ത് ഈ സിം ഉപയോഗിക്കാതെ മാറ്റിവച്ചു. ആ സിം അയൽവാസിയായ ആഞ്ചൻ കടംവാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അദ്ദേഹം അത് പ്രതിയായ ബിജുവിനും കൈമാറി. പ്രതികൾ ഈ നമ്പർ ഉപയോഗിച്ച് നിരന്തരം ആഞ്ചൻ മുഖേനയും അല്ലാതെയും സാക്ഷികളുമായും ബന്ധപ്പെട്ട് കൊണ്ടേയിരുന്നു.

അവിടെയും തീരുന്നില്ല കഥ. ഈ സിം ഉപയോഗിച്ച മൊബൈൽ ഫോൺ ആക്ടീവ് ആകുന്നത് മധുകേസിൽ സാക്ഷിവിസ്താരം തുടങ്ങുന്നതിന് അഞ്ചുനാൾ മുമ്പ്. ജൂൺ എട്ടിനാണ് മധുകേസിൽ സാക്ഷി വിസ്താരം തുടങ്ങിയത്. ഇതേ ഫോൺ ജൂലൈ 19ന് ഡിആക്ടീവ് ആയി. അന്ന് തന്നെയാണ് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ഉത്തരവ് ഇറങ്ങിയതും. സാക്ഷികളെ വിസ്തരിക്കുന്ന കാലത്ത് അവരെ സ്വാധീനിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച ഫോൺ ആണിതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
 

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍