
കൊച്ചി: ബാങ്കിൽ നിന്ന് 15 ദിവസം കൂടി അവധി ചോദിച്ചിരുന്നുവെന്നും അവർ തന്നില്ലെന്നും മധുമോഹനന്റെ കുടുംബം. കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഇന്നലെയാണ് എറണാകുളം കുറുമശ്ശേരി സ്വദേശി മധു മോഹനൻ ജീവനൊടുക്കിയത്. 30ാം തീയതിക്കുള്ളിൽ എല്ലാം ക്ലോസ് ചെയ്യാമെന്ന് പറഞ്ഞതാണെന്നും കുറച്ച് തുക അടച്ചിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. മധു മോഹനൻ ഗൾഫിലായിരുന്നു. അവിടെ നിന്ന് തിരിച്ചു വന്നതിന് ശേഷം അടക്കാൻ പറ്റിയില്ല. 37 ലക്ഷം രൂപയാണ് മധുവിന് കടബാധ്യതയുണ്ടായിരുന്നത്. ജപ്തി ഭീഷണിയെ തുടർന്നാണ് മധു മോഹൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
വീട് വിറ്റ് കടം വീട്ടാനായിരുന്നു മധുവിന്റെ പദ്ധതി. അതിനുള്ള നടപടികൾ ഏകദേശം പൂർത്തിയായിരുന്നു. വീട് വാങ്ങാൻ തയ്യാറായി ആളുകളെത്തിയിരുന്നുവെന്നും മധുവിന്റെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ‘'ഈ മാസം 30 വരെ ബാങ്കിനോട് സമയം ചോദിച്ചിരുന്നു. പക്ഷേ അവർ തന്നില്ല. ഇന്നലെയാണ് സമയം അവസാനിച്ചത്. സമയം നീട്ടിത്തരാൻ പറ്റില്ലെന്ന് ബാങ്കിൽ നിന്നും പറഞ്ഞു. എട്ടാം തീയതി നമ്മളെ പുറത്താക്കി സീൽ ചെയ്യുമെന്നാണ് അവർ പറഞ്ഞത്. അതോടെ കച്ചവടം ഒഴിഞ്ഞുപോയി.’' തുകയിൽ ഇളവല്ല, അടക്കാനുള്ള സമയം നീട്ടി ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അത് പോലും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കേരള ബാങ്ക് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ ഇന്നലെ രാവിലെയാണ് മധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്.