
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പുഴുവരിച്ച നിലയില്‍ എത്തിയിട്ടും വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അനില്‍കുമാര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യമാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്.
അനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ച ഈ മാസം ആറാം തീയതി മുതലിങ്ങോട്ട് എല്ലാ ദിവസവും ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്ന ബന്ധുക്കള്‍ക്ക് എല്ലാം തൃപ്തികരം എന്നായിരുന്നു മെഡിക്കല്‍ കോളജില്‍ നിന്നു കിട്ടിയിരുന്ന മറുപടി. പരിചരിക്കാന്‍ ജീവനക്കാരുടെ കുറവുണ്ടെന്ന വാദമാണ് ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ എന്നും വിളിച്ചു ചോദിക്കുമ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം പറയാന്‍ തയാറായില്ലെന്ന ചോദ്യം അനിലിന്‍റെ കുടുംബാംഗങ്ങള്‍ ഉയര്‍ത്തുന്നു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളോടും അനിലിന്‍റെ ബന്ധുക്കള്‍ എതിര്‍പ്പറിയിക്കുന്നു. ദേഹമാസകലം പുഴുവരിച്ച നിലയില്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തയച്ച അനില്‍കുമാര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് ഇപ്പോഴും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam