
കൊച്ചി: മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറെയും ഗൂഢാലോചനാ കേസിൽ പ്രതിചേർത്ത് കൊച്ചി സിറ്റി പൊലീസിന്‍റെ വിചിത്ര നടപടി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി അതേപടി മുഖവിലയ്ക്കെടുത്താണ് പ്രാഥമികാന്വേഷണം പോലും നടത്താതെ അഖില നന്ദകുമാറിനെ പ്രതിയാക്കിയത്. വിദ്യയുടെ വ്യാജരേഖാ കേസ് മഹാരാജാസ് കാമ്പസിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആർഷോക്കെതിരെ കെ എസ് യു നേതാക്കൾ ഉന്നയിച്ച ആരോപണമാണ് ഗൂഢാലോചനയായി അവതരിപ്പിച്ച് പൊലീസ് എഫ് ഐ ആർ ഇട്ടത്.
Read More: മാർക്ക് ലിസ്റ്റ് കേസ്: ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയത് അധ്യാപകർ; എഫ്ഐആർ പുറത്തുവിട്ട് പൊലീസ്
ചിത്രം: അഖില നന്ദകുമാർ (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്)
മഹാരാജാസ് കോളേജിലെ പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി വിഭാഗം മേഥാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ടു പ്രതികൾ. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെ എസ് യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റ് ഫാസിൽ എന്നിവരാണ് മൂന്നും നാലും പ്രതികൾ. ഇക്കഴിഞ്ഞ ആറിനാണ് മഹാരാജാസ് കോളജിലെ മുൻ എസ് എഫ് ഐ നേതാവ് വിദ്യയുടെ വ്യാജരേഖാ കേസിലെ വിശദാംശങ്ങൾ തേടി അഖിലയും ക്യാമറാമാനും കാമ്പസിലെത്തിയത്. രാവിലെ 11 മണി വാർത്തയിൽ പ്രിൻസിപ്പലിനോടും മലയാളം വിഭാഗം അധ്യാപകനോടും തത്സമയം സംസാരിച്ച് അഖില വിശദാംശങ്ങൾ തേടിയിരുന്നു. പ്രിൻസിപ്പലിന്‍റെ മുറിയിലുണ്ടായിരുന്ന വിദ്യാർഥി പ്രതിനിധികളോടും വിദ്യയുടെ വ്യാജരേഖ സംബന്ധിച്ച് അഖില പ്രതികരണം തേടി. ഈ സമയത്താണ് വിദ്യാർത്ഥി പ്രതിനിധികളിൽ ഒരാൾ ഇതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു വിഷയമുണ്ടെന്ന് പറഞ്ഞ് ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം ഉയർത്തിയത്.
ഇതോടെയാണ് പൊതു സമൂഹത്തിന് മുന്നിലേക്ക് വ്യാജരേഖാക്കേസിനൊപ്പം എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദവും ഉയർന്നത്. ഈ സംഭവത്തെയാണ് തനിക്കെതിരായ ഗൂഢാലോചനയെന്ന പേരിൽ വ്യാഖ്യാനിച്ച് പി എം ആർഷോ പൊലീസിനെ സമീപിച്ചത്. ഈ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. മാധ്യമ പ്രവർത്തനത്തിന്‍റെ ഭാഗമായി വ്യാജരേഖാക്കേസിലെ വിവരങ്ങൾ പൊതു സമൂഹത്തിലേക്കെത്തിക്കാൻ കാമ്പസിൽ പോയ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർക്കെതിരെയാണ് ഒടുവിൽ പൊലീസ് ഗൂഢാലോചനാക്കുറ്റം ചുമത്തിയത്. വ്യാജരേഖാ കേസിൽ പ്രതിയായ വിദ്യയെ കണ്ടെത്താൻ പോലും കഴിയാത്ത സംസ്ഥാന ആഭ്യന്തര വകുപ്പാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ മിന്നൽ വേഗത്തിൽ കേസെടുത്ത് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...