'ആർഷോ പരീക്ഷാ ഫീസ് അടച്ചിട്ടില്ല': പുറത്തുവിട്ട രേഖയിൽ ആശയകുഴപ്പമെന്ന് മഹാരാജാസ് കോളേജ്

By Web TeamFirst Published Jun 7, 2023, 2:41 PM IST
Highlights

മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഉന്നയിച്ച കാര്യങ്ങൾ കള്ളമെന്ന് പറഞ്ഞ ആർഷോ താൻ പരീക്ഷയ്ക്ക് അപേക്ഷിച്ചെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണമെന്ന് പറഞ്ഞിരുന്നു

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് എതിരായ നിലപാട് തിരുത്തി മഹാരാജാസ് കോളേജ്. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തെന്ന മുൻ നിലപാടാണ് മാറ്റിയത്. മാധ്യമങ്ങൾക്ക് നൽകിയ രേഖയിൽ ആശയകുഴപ്പമുണ്ടെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ പറയുന്നത്. എന്നാൽ 2021 ൽ തന്നെ ആർഷോ റീ അഡ്മിഷൻ നേടിയെന്നും അവർ പറഞ്ഞു.

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന വാദം തള്ളിയാണ് മഹാരാജാസ് പ്രിൻസിപ്പാള്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നതെന്നും പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിന്‍റെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്‍റെയും തെളിവെന്നും പറഞ്ഞ് രേഖകളും പ്രിൻസിപ്പാള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണം നടത്തു്നനുണ്ട്.

ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഔട്ടായെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു. 2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. പരീക്ഷ എഴുതാന്‍ ഫീസും അടച്ചു. പരീക്ഷ എഴുതിയില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത്. റി അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നുമാണ് ആദ്യം പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പിന്നാലെ പിഎം ആർഷോ ഫെയ്സ്ബുക് പോസ്റ്റിട്ടു. മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഉന്നയിച്ച കാര്യങ്ങൾ കള്ളമെന്ന് പറഞ്ഞ ആർഷോ താൻ പരീക്ഷയ്ക്ക് അപേക്ഷിച്ചെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണമെന്ന് പറഞ്ഞിരുന്നു. 'ഞാൻ പരീക്ഷ ഫീസ് അടച്ചതിന്റെ റസീപ്റ്റ്, അപ്ലൈ ചെയ്തെങ്കിൽ അത് സൈറ്റിൽ കാണും, എക്സാം അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചത്തിന്റെ കോപ്പി കാണും, അതൊക്കെയല്ലേ തെളിവായി പുറത്ത് വിടേണ്ടത്...' - എന്നും ആർഷോ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാജാസ് കോളേജ് തങ്ങളുടെ മുൻ വാദങ്ങൾ തിരുത്തി രംഗത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

click me!