
കൊച്ചി: മഹാരാജസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നടപടികൾ ഇന്നും തുടങ്ങിയില്ല. വിചാരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജി തീർപ്പാക്കിയ ശേഷം കേസ് പരിഗണിക്കുമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം വിധി പറഞ്ഞ് ഒൻപത് മാസത്തിനുള്ളിൽ അഭിമന്യു കേസ് വിചാരണ പൂർത്തിയാക്കുമെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
കേസ് വരുന്ന മാർച്ച് 5 ന് വീണ്ടും പരിഗണിക്കും. 2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. 2018 സെപ്തംബര്‍ 26ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രാരംഭ വാദം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. വിചാരണ കഴിഞ്ഞ വര്‍ഷം തുടങ്ങാനിരിക്കെ കേസിലെ ചില നിര്‍ണായക രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ പുനസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു.
കേസിലെ നഷ്ടപ്പെട്ട രേഖകൾ സംബന്ധിച്ച അവ്യക്തത എല്ലാം മാറിയെന്നും പ്രോസിക്യൂഷന്‍ ഈ രേഖകൾ പുനസൃഷ്ടിച്ച് കോടതിയിൽ ഹാജരാക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി മോഹൻരാജ് പറഞ്ഞു. കേസിൽ വിചാരണ അകാരണമായി നീണ്ട് പോകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് അബിമന്യു കേസ് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അമ്മയുടെ ഹർജി പരിഗണിച്ച ശേഷം കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam