
കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഇന്നലെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ബിരുദദാന ചടങ്ങ് പോലെ അച്ചടക്കം പാലിക്കേണ്ട ഒരു പരിപാടി അലങ്കോലപ്പെടുത്തിയാണോ വിദ്യാർത്ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. പരിപാടിയിൽ എങ്ങനെയെങ്കിലും പ്രശ്നം ഉണ്ടാക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് താൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും മന്ത്രി വ്യക്തമാക്കി. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുന്നതിനെ പ്രശ്നമായി കാണുന്ന ആളല്ല താനെന്നും ചടങ്ങിന് ശേഷം സംസാരിക്കാമെന്ന് അറിയിച്ചിട്ടും എസ് എഫ് ഐ പ്രവർത്തകർ ബഹളം വെക്കുകയായിരുന്നുവെന്നും റോജി എം ജോൺ വിവരിച്ചു. ചോദ്യ ചോദിക്കുമ്പോൾ 'വീട്ടിൽ പോയി ചോദിക്ക്' എന്ന് പറയുന്ന ആളല്ല താനെന്ന് വ്യക്തമാക്കിയ മന്ത്രി, പിണറായി വിജയൻ പ്രസംഗിക്കുന്ന വേദിയിൽ ഇതുപോലെ ബാനർ ഉയർത്താൻ ധൈര്യമുണ്ടോ എന്നും ചോദിച്ചു. ഞങ്ങൾ രാഹുൽ ഗാന്ധിയുടെ സ്കൂളിൽ പഠിച്ചു വന്നവരാണെന്നും സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കുന്ന പിണറായി സർക്കാരിന്റെ കാലമല്ല യു ഡി എഫിന്റേതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കാലടി സർവകലാശാലയിൽ നടന്ന എസ് എഫ് ഐ പ്രതിഷേധം അപരിഷ്കൃതമായ സമരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറെ തടഞ്ഞുവെക്കാനാണ് അവിടെ ശ്രമിച്ചതെന്നും പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നും അദ്ദേഹം ആവർത്തിച്ചു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കേണ്ടത് സർവകലാശാലയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവർണർക്കെതിരായ സമരം സ്വിച്ചിട്ട പോലെ അവസാനിപ്പിച്ച പാരമ്പര്യമാണ് എസ് എഫ് ഐക്കുള്ളതെന്നും റോജി പരിഹസിച്ചു. ഇന്നലെ മുടങ്ങിയ ബിരുദ സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി ഇന്ന് നടത്തി.
ബിരുദദാന ചടങ്ങ് അലങ്കോലമായതിന് പിന്നാലെ മന്ത്രിയെ നേരിൽ കണ്ട് സർട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു വിദ്യാർഥികൾ. മഹാരാജസ് കേളോജിലെ എം എ ഇസ്ലാമിക് ഹിസ്റ്ററിയിലെ ഒന്നാം റാങ്കുകാരി അജ്മി ബഷീർ അടക്കമുള്ള വിദ്യാർഥികളാണ് മന്ത്രി പങ്കെടുത്ത പരിപാടിയിൽ എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയർത്തിയവർക്കതിരെ അച്ചടക്ക നടപടി വേണമെന്ന് കെ എസ്‍ യു ആവശ്യപ്പെട്ടു. അതേസമയം സസ്പെൻഷനിലായ വിദ്യാർഥികളെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചില്ലെന്ന് കാട്ടി വിദ്യാർഥികൾ കാലടി സർവകലാശാലയിൽ പ്രതിഷേധിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam