
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. അതേസമയം, മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ശരദ് പവാർ, വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്നും പറഞ്ഞു. അതിനിടെ, രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ദില്ലിക്ക് പോകും എന്നാണ് റിപ്പോര്‍ട്ട്. അമിത് ഷായും ആയി കൂടിക്കാഴ്ച നടത്തും.
അതേസമയം, മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് പാർട്ടി കേന്ദ്രനേതൃത്വം സൂചന നല്‍കുന്നത്. തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കോൺഗ്രസ്- എൻസിപി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോഴും ബിജെപി തീരുമാനം. ശിവസേനയിലെ പിളർപ്പിന് പിന്നിൽ ബിജെപിയാണെന്ന ആരോപണം തള്ളുന്നതല്ലാതെ നേരിട്ടുള്ള ഇടപെടൽ ബിജെപി ഇതുവരെയും നടത്തിയിട്ടില്ല. ഏക്നാഥ് ഷിൻഡെയുടെ കൂടെ നിൽക്കുന്ന എംഎൽഎമാർ നിലപാടു മാറ്റുമോ എന്ന് പറയാറായിട്ടില്ലെന്നും ബിജെപി കരുതുന്നു.
എല്ലാ എംഎൽഎമാരുടെയും അഭിപ്രായം മഹാസഖ്യം സഖ്യം വിടാനാണെങ്കിൽ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. റിസോട്ടിലേക്ക് മാറിയ വിമത എംഎൽഎമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. മഹാസഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന പാർട്ടി പിടിച്ചു നിറുത്താനുള്ള തന്ത്രം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങളുടെ വിലയിരുത്തൽ.
കാര്യങ്ങൾ മെല്ലെ ബിജെപി പക്ഷത്തേക്ക് വരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഒന്നുകിൽ ശിവസേന എംഎൽഎമാർ ബിജെപിയിൽ ചേർന്ന് കൂറുമാറ്റ നിയമം മറികടക്കും. അല്ലെങ്കിൽ ഉദ്ധവ് താക്കറെ ഇപ്പോഴത്തെ സഖ്യം വിടാൻ നിർബന്ധിതനാകും. രണ്ടായാലും ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയും ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ആകാനുള്ള സാഹചര്യം ഉരുത്തിരിയുമെന്നാണ് ബിജെപി പാർട്ടി നേതൃത്വം കരുതുന്നത്. സഞ്ജയ് റൗത്ത് അഘാടി സംഖ്യം വിടുന്നത് ആലോചിക്കുമെന്ന് പറഞ്ഞെങ്കിലും സഖ്യം വിടില്ലെന്നാണ് ഉദ്ധവ് താക്കറെ എൻസിപിയേയും കോൺഗ്രസിനേയും അറിയിച്ചത്. രണ്ട് പാർട്ടികളും സ്ഥിതി നിരീക്ഷിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യപ്പെടേണ്ടെന്ന് ബിജെപി തീരുമാനിച്ച സാഹചര്യത്തിൽ നാടകം ഇനിയും നീളാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam