ഐസക്, കടകംപള്ളി, ശ്രീരാമകൃഷ്ണൻ; 'സ്ത്രീപീഡനകുറ്റം ചുമത്തി കേസെടുക്കണം', പ്രതിഷേധം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ്

By Web TeamFirst Published Nov 8, 2022, 7:48 PM IST
Highlights

ഒക്ടോബർ 22 ന് സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകി ഇരുപത് ദിവസമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, തോമസ് ഐസക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹിള കോൺഗ്രസ് രംഗത്ത്. ഇവർക്കെതിരെ സ്ത്രീ പീഡനം കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യമുന്നയിച്ച് മഹിള കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. ഡി ജി പി ഓഫീസിലേക്കാകും പ്രതിഷേധ മാർച്ചെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി അറിയിച്ചു.

ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കെ പി സി സി ആസ്ഥാനത്ത് നിന്നാരംഭിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനാകും ഉദ്ഘാടനം ചെയ്യുക. മൂന്ന് സി പി എം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 22 ന് സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകി ഇരുപത് ദിവസമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ജെബി മേത്തർ പറഞ്ഞു.

'സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണത്തില്‍ നടപടി വേണം' ദേശീയ വനിത കമ്മീഷന് ശോഭ സുരേന്ദ്രന്‍റെ പരാതി

അതേസമയം സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണം നേരത്തെ മൂന്ന് നേതാക്കളും നിഷേധിച്ചിരുന്നു. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്നാണ് സ്വപ്നയുടെ ആരോപണത്തോട് മുൻ മന്ത്രി കടകംപള്ളി നേരത്തെ പ്രതികരിച്ചത്. പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്നയെന്നും പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്നയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

click me!