
കൊച്ചി: കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പെരുമ്പാവൂരിൽ മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേസമയം രണ്ട് സ്ഥലങ്ങളിൽ നടക്കുന്നുവെന്ന് റിപ്പോർട്ട്. മഹിളാ കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞാണ് പരിപാടികൾ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എൽദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഇന്ദിര ഭവനിലും ജെബി മേത്തർ എം പിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലെ ഹോട്ടലിലുമാണ് പരിപാടികൾ നടക്കുന്നത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ട് ഇടങ്ങളിൽ പരിപാടി സംഘടിപ്പിക്കാൻ കാരണം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകളെ കോൺഗ്രസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്സാഹ് എന്ന പേരിൽ ജെബി മേത്തർ എംപി യുടെ നേതൃത്വത്തിൽ കൺവെൻഷൻ നടക്കുന്നത്. കാസർകോഡ് മുതൽ 166 ബ്ലോക്കുകളിലാണ് പരിപാടി നടക്കുന്നത്. ഈ പരിപാടിയാണ് എറണാംകുളത്ത് രണ്ടിടങ്ങളിൽ നടക്കുന്നത്. ജെബി മേത്തറും എൽദോസ് കുന്നപ്പള്ളിയുമാണ് രണ്ടിടങ്ങളിലായി പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. നേരത്തെ, ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. എൽദോസ് കുന്നപ്പള്ളിയും പിപി തങ്കച്ചനും നിർദ്ദേശിച്ചവരെ തഴഞ്ഞ് വിഡി സതീശനും കെസി വേണുഗോപാലും നിർദ്ദേശിച്ചവരെയാണ് സ്ഥാനാർത്ഥികളാക്കി മുന്നോട്ട് പോയത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് എൽദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ സമാന്തര യോഗം അതേസമയത്ത് തന്നെ നടക്കുന്നത്. അതേസമയം, വിഷയത്തിൽ എൽദോസ് കുന്നപ്പള്ളി വിശദമായി പ്രതികരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
https://www.youtube.com/watch?v=F_YkcOZh6LQ
https://www.youtube.com/watch?v=Ko18SgceYX8