Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലെത്തിയതില്‍ ലീഗിന് അതൃപ്തി,മലപ്പുറത്തെ പ്രശ്നം നേതൃത്വം ഗൗരവത്തോടെ കാണണം

യുഡിഎഫിന് അപ്രമാദിത്വമുള്ള ജില്ലയില്‍ കോണ്‍ഗ്രസില്‍  തമ്മിലടി തുടരുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ലീഗ്.

League unhappy over congress infighting in Malappuram
Author
First Published Oct 13, 2023, 11:08 AM IST

മലപ്പുറം: മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലെത്തിയതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് മുസ്ലീം ലീഗ്  ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍  രാഷ്ട്രീയ എതിരാളികള്‍ക്ക് സഹായകമാകുമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം എല്‍ എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ  നിയമനത്തച്ചൊല്ലിയുള്ള തര്‍ക്കമാണ് മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും  ഗ്രൂപ്പ് തിരിഞ്ഞുള്ള കൈയ്യാങ്കളി വരെയെത്തിച്ചത്. ഡി സി സി പ്രസിഡന്‍റ് വി എസ് ജോയിയും എ പി അനില്‍ കുമാര്‍ എം എല്‍ എയും ചേര്‍ന്ന് എ ഗ്രൂപ്പിനെ തഴഞ്ഞെന്നാണ് ആരോപണം. ഇതിനു പിന്നാലെ പലയിടത്തും പുതിയ മണ്ഡലം പ്രസിഡന്‍റുമാരെ ചുമതലെയേറ്റെടുക്കാന്‍ പോലും അനുവദിക്കാതെ ഓഫീസ് പൂട്ടിയിടുന്ന സ്ഥിതി വരെയെത്തി. യുഡിഎഫിന് അപ്രമാദിത്വമുള്ള ജില്ലയില്‍ കോണ്‍ഗ്രസില്‍  തമ്മിലടി തുടരുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ലീഗ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസില്‍ പരസ്യ പോര് തുടരുന്നത്  നേതൃത്വം ഗൗരവമായി എടുക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്

കോണ്‍ഗ്രസിന്‍റെ   ആഭ്യന്തര കാര്യമാണെങ്കിലും വിഷയത്തിന്‍റെ ഗൗരവം കെ പി സി സി നേതൃത്വത്തെ ധരിപ്പിക്കാനാണ് മുസ്ലീം ലീഗിന്‍റെ തീരുമാനം. ഇപ്പോഴത്തെ പ്രശ്നങ്ങള്‍    വയനാട് ഉള്‍പ്പെടെയുള്ള ലോക്സഭാ മണ്ഡലങ്ങളിലെ  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ   ബാധിക്കുമെന്നാണ്  ലീഗ് ചൂണ്ടിക്കാട്ടുന്നത് 

 

Follow Us:
Download App:
  • android
  • ios