
കണ്ണൂര്‍: തലശ്ശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ഡിവൈഎഫ്ഐ പരിപാടിയില്‍. ഡിവൈഎഫ്‍യുടെ ലഹരിവിരുദ്ധ പരിപാടിയിലാണ് പാറായി ബാബു പങ്കെടുത്തത്. കൊളശ്ശേരിയിലെ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്ത ചിത്രം പുറത്തായി. കേസിലെ മുഖ്യപ്രതിയായ പാറായി ബാബുവിനെ ഇന്നാണ് പിടികൂടിയത്. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാർ തടഞ്ഞാണ് പൊലീസ് പാറായി ബാബുവിനെ കീഴ്‍പ്പെടുത്തിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരും പിടിയിലായി.
ഇന്നലെ വൈകിട്ടാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം വെച്ച് സിപിഎം അംഗവും നിട്ടൂർ സ്വദേശിയുമായ ഷമീർ ബന്ധു ഖാലിദ് എന്നിവർ കുത്തേറ്റ് മരിച്ചത്. പ്രദേശത്ത് കുറച്ച് കാലങ്ങളായുള്ള ലഹരി വിൽപ്പന ഷമീറിന്‍റെ മകൻ ഷബീൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം എന്ന് പൊലീസ് പറയുന്നു. ലഹരി മാഫിയയുടെ മർദ്ദനമേറ്റ ഷബീൽ ചികിത്സയിലാണ്. ഈ വിഷയം സംസാരിച്ച് ഒത്തു തീർക്കാനെന്ന പേരിലാണ് പ്രതികൾ ഷമീറിനെ വിളിച്ച് വരുത്തിയത്. പിന്നീടുണ്ടായ സംഘർഷം കൊലപാതകത്തിലേക്ക് നയിച്ചു. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam