
ശബരിമല: അന്നദാനത്തിന്‍റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ മൂന്ന് വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക.
നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. 'പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്' കെ ജയകുമാർ വിശദീകരിച്ചു. സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറിയായിരിക്കും നൽകുക. മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച ആകുമ്പോൾ തീർത്ഥാടനം സുഗമമായ നിലയിൽ പുരോഗമിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്‍റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്‍റെ സന്നിധാനത്തെ പ്രവര്‍ത്തനം.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. ശബരിമലയില്‍ ഏതെങ്കിലും വിധത്തില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ തടയുകയാണ് ലക്ഷ്യമെന്നും എക്സൈസ് വ്യക്തമാക്കി. അതിന്‍റെ ഭാഗമായി ശക്തമായ നീരീക്ഷണവും പരിശോധനകളുമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. പരിശോധനയില്‍ ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് നിലവിലെ സന്നിധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു. പ്രധാനമായും പുകവലി, അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam