
കൊല്ലം: പുനലൂർ ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. പ്രതിയെന്ന് പൊലീസ് സംശയിച്ച ആളാണ് കൊല്ലപ്പെട്ടതെന്നാണ് പുതിയ കണ്ടെത്തൽ. പ്രതിയെന്ന സംശയത്തിൽ അനിൽകുമാറിന്റെ ചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കൊലയാളിയെന്ന് കരുതിയ ആളാണ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്തുവന്നത്. കൊലപാതകിയെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബർ 22 നാണ്, ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടതാരെന്നോ കൊലയാളിയാരെന്നോ തിരിച്ചറിയാനാകാത്ത കേസ് കേരള പൊലീസിന് തീർത്തും തലവേദനാവുകയും ചെയ്തിരുന്നു. അന്വേഷണം കേരളത്തിന് പുറത്തേക്കുപോലും വ്യാപിച്ചു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്.
വിശദമായ അന്വേഷണത്തിൽ ആലപ്പുഴ ചാരുംമൂടിന് സമീപം നൂറനാട് വേടർപ്ലാവ് സ്വദേശി പാപ്പർ എന്ന അനിക്കുട്ടൻ അഥവാ അനിൽ കുമാർ (45) ആണ് കൊല നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. 2025 സെപ്റ്റംബർ 17 മുതൽ ഇയാളെ കാണ്മാനില്ലെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് ചിത്രങ്ങൾ സഹിതം രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിവരം ലഭിക്കുന്നവർ പുനലൂർ പൊലീസിൽ വിവരമറിയിക്കണമെന്നും നിർദ്ദേശം നൽകി. പ്രതി പിടിയിലാകുന്നതോടെ കൊല്ലപ്പെട്ടതാരെന്നും കൊലയ്ക്ക് പിന്നിലെ കാരണവും വ്യക്തമാകുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. ഈ പ്രതിക്ഷകൾ തെറ്റിച്ചു കൊണ്ടാണ് ഡിഎൻഎ ഫലം വന്നത്. കൊലയാളി എന്ന് കരുതിയ ആളാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞതോടെ ഇനി യഥാർത്ഥ കൊലയാളിയെ കണ്ടെത്തുകയാണ് പൊലീസിന് മുന്നിലെ വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam