പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തിയുടെ പാരമ്യത്തിൽ ശബരിമല

By Web TeamFirst Published Jan 14, 2021, 7:17 PM IST
Highlights

കൊവിഡിന്റെ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഇത്തവണ മകരജ്യോതി ദർശനം. അയ്യായിരം പേർക്കു മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
 

പത്തനംതിട്ട: ശരണംവിളിയുടെ ആരവങ്ങൾക്കിടെ ശബരിമലയിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. 6.42നാണ് ജ്യോതി തെളിഞ്ഞത്. കൊവിഡിന്റെ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഇത്തവണ മകരജ്യോതി ദർശനം. അയ്യായിരം പേർക്കു മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ചേർന്ന് സ്വീകരിച്ച് അയ്യപ്പവി​ഗ്രഹത്തിൽ ചാർത്തി. ദീപാരാധനയ്ക്ക് ശേഷം സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്നു പ്രാവശ്യം ജ്യോതി തെളിഞ്ഞു. സന്നിധാനത്തു നിന്ന് മാത്രമേ ഇക്കുറി ജ്യോതി ദർശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു.  

പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ നിന്ന് ഘോഷയാത്രയായെത്തിയ തിരുവാഭരണം ശരംകുത്തിയിൽ വച്ച് ദേവസ്വം അധികൃതർ സ്വീകരിച്ചതോടെയാണ് വൈകിട്ടത്തെ ചടങ്ങുകൾ തുടങ്ങിയത്.  പമ്പയിൽ ഉൾപ്പടെ ആരെയും നിർത്തിയില്ല. പാഞ്ചാലിമേട് പുല്ലുമേട് പരുന്തു പാറ തുടങ്ങി സാധാരണ തീർത്ഥാടകർ നിൽക്കുന്ന സ്ഥലങ്ങളിലും അനുവദിച്ചില്ല. സന്നിധാനത്തും സ്ഥിരം വിരിവയ്ക്കുന പാണ്ടിത്താവളം ഉൾപ്പടെ ഉള്ള സ്ഥലങ്ങളിലും തീർത്ഥാടകരെ അനുവദിച്ചില്ല.

താപസ ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. എന്നാൽ വില്ലാളിവീരനായ ഭാവത്തിൽ കാണണമെന്ന പിതാവായ പന്തളത്ത് രാജാവിന്റെ ആഗ്രഹ പൂർത്തീകരണത്തിനായാണ് ഈ ഒരു ദിവസം തിരുവാഭരണങ്ങൾ സ്വീകരിക്കുന്നത്. ശബരിമലയിൽ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം.

click me!