തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒളിവിൽപ്പോയ സന്ദീപ് സിപിഐഎം പ്രവർത്തകനാണെന്ന പ്രചാരവേല കൊണ്ടുവരാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന്‌ പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്. ഇയാളുടെ ഫെയ്‌സ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ട്‌. എസ് കെ പി രമേശ് അടക്കമുള്ള ബിജെപി നേതാക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സന്ദീപിനെ സിപിഐഎം പ്രവർത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്നാണ് ആനാവൂർ പറയുന്നത്.

ഫേസ്ബുക്കിലെ പോസ്റ്റുകളിൽ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമാണ്. ബിജെപി കൗൺസിലറുടെ ഡ്രൈവറായി ഏറെക്കാലം സന്ദീപ് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്ന സൂചനകളും ഫേസ്ബുക്കിലുണ്ട്.

കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് എന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ കവർ ഫോട്ടോ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാർബൺ ഡോക്ടർ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

എന്നാൽ താഴേയ്ക്ക് 2015-ലും മറ്റുമുള്ള പോസ്റ്റുകളിൽ കടുത്ത ബിജെപി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവറായി ജോലി ചെയ്തു. ഇക്കാലയളവിലാണ് ചാലയിലെ ബിജെപി കൗൺസിലറുടെ ഡ്രൈവറാകുന്നത്. 

2015 മുതലിങ്ങോട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ബിജെപി ആഭിമുഖ്യം പ്രകടമായി സന്ദീപ് കാണിച്ചിരിക്കുന്നത്. 2016-ൽ അതായത് നാല് വർഷം മുമ്പുള്ള പോസ്റ്റുകളുടെ കമന്‍റുകളിൽ എന്നും താൻ ബിജെപിയാണെന്നും കുമ്മനം സ്വന്തം വീട്ടിലുണ്ടെന്നും അവിടെ തങ്ങളെല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയിരിക്കുന്നത് കാണാം.

സാമ്പത്തികനേട്ടം ഇയാളുണ്ടാക്കിയത് വളരെ പെട്ടെന്നാണ് എന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയാണ് മഹാരാഷ്ട്ര റജിസ്ട്രേഷനിൽ ഒരു ആഢംബര കാർ വാങ്ങിയത്. 

കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഇത് സ്പീക്കർ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. സന്ദീപാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്നതിന് വ്യക്തമായ സൂചനകൾ കസ്റ്റംസിനുണ്ട്. പോലീസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.