വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മലമ്പുഴ അണക്കെട്ട് തുറന്നു 

By Web TeamFirst Published Oct 2, 2022, 6:16 PM IST
Highlights

ഡാമിലെ വെള്ളം തുറന്നു വിട്ട സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം

പാലക്കാട്: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നു. വൈകീട്ട് അ‍ഞ്ച് മണിയോടെയാണ് ഡാം തുറന്നത്. ഡാമിൻ്റെ നാല് ഷട്ടറുകൾ 15 സെമീ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. റൂൾ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ഡാമിലെ വെള്ളം തുറന്നു വിട്ട സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു. 

തൃപ്രയാറിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കുടുംബ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂര്‍: തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികൾ ഉൾപ്പെടുന്ന കുടുംബമാണ് അപകടത്തിൽ നിന്നും രക്ഷപ്പട്ടത്. തൃപ്രയാർ പാലത്തിന്റെ പടിഞ്ഞാറെ അരികിൽ  ഇന്നുച്ചക്ക് രണ്ടേകാലോടെയായിരുന്നു സംഭവം
കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ  ജോഫിയും കുടുബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.

കൂനംമൂച്ചിയിൽ നിന്ന്  പഴുവിൽ  ഉള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജോഫി ഉൾപ്പെടെയുള്ള നാലംഗ കുടുംബം.പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി കാറിന്റെ ബോണറ്റിൽ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും വന്നു. ഇതോടെ എന്താണ് പ്രശ്നമെന്നറിയാൻ ജോഫി വണ്ടി നിര്‍ത്തി പുറത്തേക്കിറങ്ങി. ഇതേ സമയം ശക്തമായ പുക തീയായി മാറി. കാര്‍ മൊത്തം കത്തിയമരുകയായിരുന്നു. ഇതിനോടകം ജോഫിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കാറിൽ നിന്ന് ഉടൻതന്നെ പുറത്തിറങ്ങിയിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.വിവരമറിഞ്ഞെത്തിയ നാട്ടിക ഫയർഫോഴ്‌സും, വലപ്പാട് പൊലീസും ചേർന്ന് തീയണക്കുകയായിരുന്നു. കാർ ഭാഗികമായി കത്തിനശിച്ചു.

tags
click me!