
മുളന്തുരുത്തി (എറണാകുളം): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുത്തു. വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് പുതിയ ഇടയശ്രേഷ്ഠരെ കണ്ടെത്തിയത്.
ഫാ. എൽദോസ് എ.എ., ഫാ. സാംജി റ്റി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരാണ് നിയുക്ത മെത്രാപ്പോലീത്താമാർ. അസോസിയേഷൻ പ്രസിഡന്റായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് വിജയികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.റ്റി. ചാക്കോ ഐ.എ.എസ്. മുഖ്യ വരണാധികാരിയായി തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി ഓൺലൈൻ വോട്ടിംഗ് സൗകര്യവും, നേരിട്ടെത്തിയവർക്കായി ബാലറ്റ് വോട്ടിംഗും ഏർപ്പെടുത്തിയിരുന്നു.
സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നോട്ടീസ് കൽപ്പന വായിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, റെജി ചെറിയാൻ, അബിൻ വർക്കി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണ ചടങ്ങുകളുടെ തീയതിയും വേദിയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam