ദേവികയുടെ മരണം; അന്വേഷിക്കാന്‍ പതിനൊന്നം​ഗ സംഘം; ചുമതല തിരൂർ ഡിവൈഎസ്പിക്ക്

Web Desk   | Asianet News
Published : Jun 03, 2020, 09:25 PM ISTUpdated : Jun 03, 2020, 09:50 PM IST
ദേവികയുടെ മരണം; അന്വേഷിക്കാന്‍ പതിനൊന്നം​ഗ സംഘം; ചുമതല തിരൂർ ഡിവൈഎസ്പിക്ക്

Synopsis

ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ്വർക്കും എത്തിക്കുമെന്ന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പുവരുത്തും. മലപ്പുറം ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്തവർക്ക് ഈ മാസം എട്ടിന് മുമ്പായി സൗകര്യം ഉറപ്പ്  വരുത്തുമെന്നും ജില്ലാ കളക്ടർ.

മലപ്പുറം: വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പതിനൊന്നം​ഗ അന്വേഷണ സംഘത്തെ നിയോ​ഗിച്ചു. തിരൂർ ഡിവൈഎസ്പി കെ സുരേഷ്ബാബുവിനാണ് അന്വേഷണച്ചുമതല. രണ്ട് വനിതാ പൊലീസുകാരും സംഘത്തിലുണ്ട്.

ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ്വർക്കും എത്തിക്കുമെന്ന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പുവരുത്തും. മലപ്പുറം ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്തവർക്ക് ഈ മാസം എട്ടിന് മുമ്പായി സൗകര്യം ഉറപ്പ്  വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ദേവികയുടെ മരണത്തില്‍ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ച് അന്വേഷിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

Read Also: ദേവികയുടെ മരണം; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്...

വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണെന്നും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. പണം ഇല്ലാത്തതിനാൽ കേടായ  ടിവി നന്നാക്കാൻ കഴിയാഞ്ഞതും സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. ദേവികയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരിക പരിക്കുകൾ കണ്ടെത്തിയിട്ടില്ല. ബല പ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും മലപ്പുറത്തെ അന്വേഷണ സംഘത്തിന് കൈമാറും. 

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി