കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജ വീഡിയോ: പച്ചക്കള്ളം പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

Published : Mar 06, 2025, 07:17 AM IST
കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജ വീഡിയോ: പച്ചക്കള്ളം പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

Synopsis

കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിൻ്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെതിരെ നടപടിയെടുത്തത്.

മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട  കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. നിലമ്പൂർ സൗത്ത് ഡി.എഫ് ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം  പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ ജെറിൻ പറഞ്ഞത് പച്ചക്കള്ളമെന്ന് വനംവകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു. മൂന്നു വര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് ഇത് സംബന്ധിച്ച് ചോദിച്ചു. വാര്‍ത്ത പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകള്‍ കണ്ടെത്താനായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ കടുവയെ കണ്ടെന്നും വീഡിയോ പകര്‍ത്തിയെന്നും പറഞ്ഞ ജെറിനിൽ നിന്നും വനംവകുപ്പ് വിവരംശേഖരിച്ചു. തുടര്‍ന്നാണ് വീഡിയോ എ‍ഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് പി ജെ കുര്യൻ അനുകൂലികൾ, തിരുവല്ല ഇങ്ങെടുക്കുവാ എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പിടിവലി
'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ