
മലപ്പുറം: പോക്സോ പരാതിയിൽ അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ശശി കുമാറിന് ജാമ്യം അനുവദിച്ചത്. വിദ്യാർത്ഥികൾ പീഡന പരാതി ഉന്നയിച്ചതോടെ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതോടെ ഇയാളെ മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അധ്യാപകനുമായ ഇയാളെ സിപിഎം പുറത്താക്കിയിരുന്നു.
മുത്തങ്ങയിലെ ഹോംസ്റ്റേയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. അവിടെ വച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മോശം ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന പരാതിയുമായി നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതോടെയാണ് ശശികുമാറിനെതിരെ കേസെടുത്തത്.
മുപ്പത് വര്‍ഷത്തോളം എയ്ഡഡ് സ്കൂളില്‍ അധ്യാപകനും മൂന്ന് തവണ നഗരസഭാ കൗണ്‍സിലറുമായിരുന്നു ശശികുമാർ. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ത്ഥിനി പ്രതിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് ശശികുമാറിനെതിരെ നേരിട്ട് പരാതി ലഭിച്ചതോടെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍ പഠന കാലയളവില്‍ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി. മുന്‍കാലത്ത് സ്കൂളില്‍ പഠിച്ചവരും സമാനമായ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു.
മാത്രമല്ല, ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്തുവന്ന വിവരം.
ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. 2019 ൽ ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam