'ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുക്കാതെ മേലധികാരികൾക്ക് മാത്രം വേണ്ട'

Published : Jun 08, 2022, 03:28 PM ISTUpdated : Jun 08, 2022, 03:29 PM IST
'ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുക്കാതെ മേലധികാരികൾക്ക് മാത്രം വേണ്ട'

Synopsis

ഇന്ത്യയിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കോടതിയിൽ സർക്കാർ വാദിച്ചപ്പോൾ, എയർ ഇന്ത്യ വാങ്ങിയവർ അതെങ്ങനെയാണ് ലാഭത്തിലാക്കുന്നതെന്ന് കോടതി തിരിച്ച് ചോദിച്ചു. 

കൊച്ചി: ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ കെഎസ്ആർടിസിയിൽ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെഎസ്ആർടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഉള്ള പൊതുഗതാഗതസംവിധാനങ്ങൾ നഷ്ടത്തിൽ പോകുമ്പോൾ വരാനിരിക്കുന്നവയെ ജനം വിമർശിക്കുമെന്നും, അത് സാധാരണമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറയുന്നു. ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു. 

കെഎസ്ആർടിസി മാനേജ്മെന്‍റിന് നേരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. മാനേജ്മെന്‍റ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ. കെഎസ്ആർടിസി ലാഭകരമാക്കാൻ ഉള്ള തന്ത്രങ്ങൾ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസ്സുകൾ ഇവിടെ നല്ല രീതിയിൽ നിലനിൽക്കുന്നത്? കെഎസ്ആർടിസി ഓരോ സമയത്ത് ഓരോന്ന് കാട്ടിക്കൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമർശിച്ചു. 

ബസ്സ് ക്ലാസ് മുറിയാക്കുന്നതിനെതിരെ കോടതി

ലാഭമില്ലാത്തതും കേടായതുമായ കെഎസ്ആർടിസി ബസ്സുകൾ ക്ലാസ് മുറികളാക്കുന്നതിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. സർക്കാർ ഈ വിഷയം ഇത്ര ലാഘവത്തോടെ എടുക്കരുത്. ഒരു യാഡിൽ ബസ്സ് തുരുമ്പ് എടുത്താൽ അതിന് ആർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നെങ്കിൽ  ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഒരു കുട്ടിക്ക് ബസ്സിൽ എത്ര കാലം ഇരുന്നു പഠിക്കാൻ കഴിയും? ക്ലാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ആണ് നിങ്ങൾ നോക്കേണ്ടത് - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

ബസ്സുകൾ തുരുമ്പ് എടുക്കുമ്പോഴാണ് നിങ്ങൾ കൂടുതൽ ബസ്സുകൾ വാങ്ങുന്നത്. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ അവസ്ഥയെന്താണ്? കോടതി ചോദിച്ചു. 

എന്നാൽ സിഎംഡി മാത്രമാണ് സർക്കാർ ശമ്പളം വാങ്ങുന്നത് എന്ന് കെഎസ്ആർടിസി മറുപടിയായി വാദിച്ചു. 30 കോടി കിട്ടിയതല്ലേ, എന്നിട്ടും ഈ മാസത്തെ ശമ്പളം എന്തുകൊണ്ട് ജീവനക്കാർക്ക് നൽകിയില്ല എന്നും കോടതി ചോദിച്ചു. ഡീസൽ ഇല്ലാതെ വണ്ടി മുന്നോട്ടു പോകുമോ? അതുപോലെ ശമ്പളമില്ലാതെ മനുഷ്യന് എങ്ങനെ മുന്നോട്ടു പോകാനാകും? കെഎസ്ആർടിസിയുടെ വലിയ ബാധ്യതയിൽ സർക്കാർ മറുപടി നൽകണം - കോടതി പറഞ്ഞു. 

നിങ്ങൾ സമരം ചെയ്താൽ അത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്ന് ഹൈക്കോടതി തൊഴിലാളിയൂണിയനുകളോട് പറഞ്ഞു. സിഎംഡിയ്ക്ക് സ്വന്തം കാറുണ്ട്. അദ്ദേഹം ആ കാറിൽ വരും. ഇതുകൊണ്ടൊന്നും മാനേജ്മെന‍്‍റിനോട് നിങ്ങളുടെ പ്രശ്നം ഉന്നയിക്കാനാകില്ല - കോടതി പറഞ്ഞു. സർക്കാരിന് യൂണിയനുകൾക്ക് മേലെ നിയന്ത്രണം ഇല്ല - കോടതി വിമർശിച്ചു. 

'എയർ ഇന്ത്യ നഷ്ടത്തിലായിരുന്നു'

ഇന്ത്യയിൽ എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കോടതിയിൽ സർക്കാർ വാദിച്ചപ്പോൾ, എയർ ഇന്ത്യ വാങ്ങിയവർ അതെങ്ങനെയാണ് ലാഭത്തിലാക്കുന്നതെന്ന് കോടതി തിരിച്ച് ചോദിച്ചു. ഇതിന് പിന്നാലെയാണ്, ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ കെഎസ്ആർടിസിയിൽ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടത്. കേസ് ഇനി ഈ മാസം 21-ന് പരിഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി