തയ്യൽ പരിശീലന കേന്ദ്രം ഒരു കോടിയിൽ 25 ലക്ഷം പോലും ചെലവാക്കിയില്ല, തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ

By Web TeamFirst Published Dec 5, 2021, 9:48 AM IST
Highlights

തയ്യല്‍ മെഷീനുകളിൽ ഭൂരിഭാഗവും കേടായതാണ്. അധ്യാപകരുടെ ശമ്പളത്തിലും വെട്ടിപ്പ് നടന്നിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്

തിരുവനന്തപുരം: തയ്യല്‍ പരിശീലനത്തിന്‍റെ പേരില്‍ കോടികള്‍ തട്ടിയ സംഭവത്തില്‍ വിജിലൻസ് അന്വേഷണം. ആദിവാസികളുടെ ഫണ്ട് അപ്സര ട്രെയിനിംഗ് ഇൻസ്റ്റ്യൂട്ട് തട്ടിയെടുത്തെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒരു കോടി രൂപയുടെ പദ്ധതിയില്‍ 25 ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തൽ.

ഇവിടേക്ക് വാങ്ങിയ തയ്യല്‍ മെഷീനുകളിൽ ഭൂരിഭാഗവും കേടായതാണ്. അധ്യാപകരുടെ ശമ്പളത്തിലും വെട്ടിപ്പ് നടന്നിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്. വിജിലൻസ് സംഘം വിതുര മലയടിയിലെ പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തി.

ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരിൽ നിന്ന് രണ്ട് കോടി വാങ്ങി തട്ടിയ അപ്സര ട്രെയിനിഗ് ഇൻസ്റ്റ്യൂട്ടിനെതിരായ പരാതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്തയെ തുടര്‍ന്ന് പരാതിക്കാരായ ആദിവാസി വനിതകളേയും ആരോപണ വിധേയരായ അസ്പര ട്രെയിനംഗ് ഇൻസ്റ്റ്യൂട്ട് ഉടമ വിഷ്ണു പ്രിയയേയും പട്ടിക വര്‍ഗ ഡയറക്ടറേറ്റിൽ വിളിച്ച് വരുത്തിയിരുന്നു.

വിഷ്ണുപ്രിയയുടെ വിശദമായ മൊഴി ഫിനാൻസ് ഓഫീസര്‍ രേഖപ്പെടുത്തി. തയ്യല്‍ പരിശീലനത്തിന്  വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയില്‍ അപ്സര ട്രെയിനംഗ് ഇൻസ്റ്ററ്റ്യൂട്ട്  ചെയ്തില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 വനിതകള്‍ക്ക് പഠിക്കാൻ 14 തയ്യല്‍ മെഷീൻ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ പലതും  ഉപയോഗ ശൂന്യവുമാണ്.

അധ്യാപകരുടെ പേരിലും ലക്ഷങ്ങള്‍ തട്ടിയതായി ബോധ്യപ്പെട്ടു. മലയടിയിലെ പരിശീലനത്തിന് അപ്സര സര്‍ക്കാരില്‍ നിന്ന് ഇത് വരെ കൈപ്പറ്റിയ 70 ലക്ഷം രൂപ തിരികെ പിടിക്കമെന്ന് പട്ടിക വർഗ ഡയറക്ടറേറ്റ് ഫിനാൻസ് ഓഫീസർ ഡോ എ അൻസാർ അറിയിച്ചു. ബാക്കി നൽകാനുള്ള 30 ലക്ഷം ഇനി നല്‍കില്ല. മറ്റൊരു ഏജൻസിയെ വച്ച് ആദിവാസി വനിതകള്‍ക്ക് ബാക്കിയുള്ള പരിശീലനം നടത്താൻ സാധിക്കുമോയെന്ന് പരിശോധിക്കും. അല്ലെങ്കില്‍ കരാര്‍ റദ്ദാക്കി പുതിയ പ്രോജക്ടിന് അപേക്ഷ ക്ഷണിക്കും.

കരിമ്പട്ടികയില്‍ പെട്ട അപ്സര ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ സര്‍ക്കാര്‍ പദ്ധതികളിൽ പങ്കാളികളായെന്നും നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ക്കടക്കം  ഇവര്‍ കൈക്കൂലി നൽകി എന്നും ആരോപണമുണ്ട്. ഈ ആരോപണങ്ങളും പട്ടിക വര്‍ഗ ഡയറക്ടര്‍ വിശദമായി അന്വേഷിക്കും. 

click me!