കെ സുധാകരൻ ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് മമ്പറം ദിവാകരൻ

By Web TeamFirst Published Dec 5, 2021, 9:11 AM IST
Highlights

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായി തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

കണ്ണൂർ: ഗുണ്ടകളെ ഇറക്കി  തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരൻ. കെപിസിസിക്ക് ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ഒരു അവകാശവും ഇല്ല. തെരഞ്ഞെടുപ്പിൽ സുധാകരന്റെ രാഷ്ട്രീയ  പരാജയപ്പെടും. തന്നെ തകർക്കാനാണ് കോൺഗ്രസ് പാനലിനെ ഇറക്കിയത്. ശിഷ്യനെ മുൻനിർത്തി പിൻ സീറ്റ് ഡ്രൈവിങിനാണ് സുധാകരൻ ശ്രമിക്കുന്നത്. എഐസിസി കമ്മിറ്റിയുണ്ടാക്കിയാൽ അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായി തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. 5200 വോട്ടർമാരുള്ള സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. ഗുണ്ടകളെയിറക്കി കെ സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടിംഗ് നടക്കുക. 200 ഓളം വോട്ടർമാരുള്ള സിപിഎം ഇതുവരെ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈരത്തിന്റെ ക്ലൈമാക്സാണ് ദിവാകരന്റെ പാർട്ടിയിൽ നിന്നുള്ള പുറത്താകൽ. 1992 ൽ എൻ രാമകൃഷ്ണനെ താഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്റെ വലംകൈയ്യായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്റെ നല പരുങ്ങലിലായി. ബ്രണ്ണൻ വിവാദത്തിൽ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരൻ, സുധാകരനെതിരെ പല സമയത്തും രംഗത്തെത്തി. അതോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിയുടെ തലപ്പത്ത് രണ്ടര പതിറ്റാണ്ടായി തുടരുന്ന ദിവാകരന്റെ ചിറകരിയാൻ  സുധാകരൻ ക്യാംപ് പാർട്ടി പാനലിനെ മത്സര രംഗത്തിറക്കിയത്.

click me!