സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയുമായി അനുനയ നീക്കത്തിന് മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് മുഖ്യമന്ത്രി സന്ദർശനം നടത്തും. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

06:28 AM (IST) Nov 24
മധുര: തിരുപ്പരൻകുൻട്രം മലയിലെ കാർത്തിക ദീപം തെളിക്കലുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വിജയ് സർക്കാർ സസ്പെൻസ് നിലനിർത്തുന്നു. എവിടെയാണ് ദീപം തെളിക്കുക എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിവാദ സ്ഥലത്തുള്ളത് ദീപത്തൂൺ അല്ലെന്നും സർവേക്കല്ല് മാത്രമാണെന്നുമാണ് സംസ്ഥാന നിയമമന്ത്രിയുടെ നിലപാട്. ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കാൻ ജില്ലാ കളക്ടർ ഇതുവരെ തയ്യാറായിട്ടില്ല.
സംഘർഷ സാധ്യത കണക്കിലെടുത്ത് മധുര നഗരം പൂർണ്ണമായും കനത്ത സുരക്ഷാവലയത്തിലാണ്. നാളെ രാവിലെ വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി 6,000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഹൈന്ദവ സംഘടനകൾ നടത്താനിരുന്ന മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. അതേസമയം, ഇന്നലെ പ്രദേശത്ത് മതസൗഹാർദ്ദ സമ്മേളനം നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നു.
06:26 AM (IST) Nov 24
ലഖ്‌നൗ / ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്പി) തമ്മിലുള്ള ചർച്ചകൾ ഇന്നും തുടരും. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചയിൽ 130 സീറ്റുകളുടെ പ്രാഥമിക പട്ടിക കോൺഗ്രസ് എസ്പി നേതൃത്വത്തിന് കൈമാറി. അമേഠി, റായ്ബറേലി മേഖലകളിലെ മുഴുവൻ സീറ്റുകളും ഉൾപ്പെടെ തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ സീറ്റുകളെല്ലാം വേണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. ഈ മേഖലകളിലെ നിലവിലുള്ള പല എസ്പി എംഎൽഎമാർക്കുമെതിരെ ജനവികാരം ശക്തമാണെന്ന കാര്യവും കോൺഗ്രസ് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് കൈമാറിയ പട്ടിക പരിശോധിച്ച ശേഷം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിയാലോചിച്ച് ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് എസ്പി നേതാക്കൾ അറിയിച്ചു. ഇരുപാർട്ടികളും പൂർണ്ണ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് സഖ്യകക്ഷി നേതാക്കൾ അവകാശപ്പെടുമ്പോഴും, സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഇരുപാർട്ടികളും തമ്മിലുള്ള ഐക്യം വ്യാജമാണെന്നും, അധികാരത്തോടുള്ള ആർത്തി മാത്രമാണ് ഇവരെ ഒന്നിപ്പിക്കുന്നതെന്നും ബിജെപി പരിഹസിച്ചു.
06:25 AM (IST) Nov 24
തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ പദവികളുടെ വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി. വിഷയത്തിൽ ഉഭയകക്ഷി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് ആർഎസ്പിയുടെ പരാതി. ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അതിന് തയ്യാറാകാതെ, ഒടുവിൽ നാല് പദവികൾ മാത്രമാണ് വാഗ്ദാനം ചെയ്തത്. മുന്നണി മര്യാദ പരിഗണിച്ചാണ് ഇക്കാര്യത്തിൽ പരസ്യ പ്രതികരണങ്ങൾ മിതപ്പെടുത്തിയതെന്ന് ആർഎസ്പി നേതാക്കൾ വ്യക്തമാക്കുന്നു.
അതേസമയം കോൺഗ്രസിനുള്ളിലെ ചർച്ചകളും അനിശ്ചിതത്വത്തിലാണ്. പദവികളുടെ വീതംവെപ്പിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് എ വിഭാഗം നേതാക്കൾക്ക് പരാതിയുണ്ട്. ഹൈക്കമാൻഡ് ഇടപെട്ട് പ്രത്യേക സമിതി രൂപീകരിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായെങ്കിലും അത് പരിശോധിക്കാനുള്ള യുഡിഎഫ് ഉപസമിതി രൂപീകരിച്ചിട്ടില്ല. ഉപസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് കെ. ശിവദാസൻ നായരെയാണ് പരിഗണിക്കുന്നത്.
06:23 AM (IST) Nov 24
ന്യൂഡൽഹി: ലണ്ടൻ യാത്രയ്ക്കിടെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിജെപി നേതാവ് സൗരവ് ദാസ് രംഗത്ത്. ബാങ്കുകളെ കബളിപ്പിച്ച് കടന്നുകളഞ്ഞ നീരവ് മോദിയോ വിജയ് മല്യയോ പോലെയുള്ള ആളായിരുന്നെങ്കിൽ തനിക്ക് യാതൊരു തടസ്സവുമില്ലാതെ രാജ്യം വിട്ടുപോകാമായിരുന്നുവെന്ന് സൗരവ് ദാസ് പരിഹസിച്ചു.
ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് , എഡിൻബർഗ് , ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ ലോകപ്രശസ്ത സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ ക്ഷണപ്രകാരം സിജെപി മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കാനാണ് താൻ ലണ്ടനിലേക്ക് പോകാൻ ശ്രമിച്ചതെന്ന് സൗരവ് വ്യക്തമാക്കി. എന്നാൽ, എന്തിനാണ് യാത്ര തടഞ്ഞതെന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.
നിലവിലെ സർക്കാർ ശാസ്ത്രത്തിനും യുവാക്കൾക്കും എതിരാണെന്നത് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുകയാണെന്ന് സൗരവ് ദാസ് കുറ്റപ്പെടുത്തി. "യുവാക്കളെ ഭയക്കുന്ന സർക്കാരാണിത്. അതുകൊണ്ടാണ് ലോകത്തെ മികച്ച സർവകലാശാലകളിൽ പോയി സംസാരിക്കുന്നത് തടഞ്ഞത്. സ്വന്തം മന്ത്രിമാരുടെ എതിർപ്പ് കാരണം മന്ത്രിസഭ പോലും പുനഃസംഘടിപ്പിക്കാൻ കഴിയാത്ത സർക്കാരാണിത്," അദ്ദേഹം വിമർശിച്ചു.
06:20 AM (IST) Nov 24
തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് കൃത്യമായി പരിശോധിക്കുന്നതിനായി എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും എണ്ണക്കമ്പനികൾക്ക് കത്ത് നൽകി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കൊച്ചി റിഫൈനറി ലിമിറ്റഡിന് കത്ത് നൽകിയത്. പരിശോധനാ ആവശ്യങ്ങൾക്കായി ശുദ്ധമായ പെട്രോൾ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ നേരത്തെയും എണ്ണക്കമ്പനികളെ സമീപിച്ചിരുന്നു. എന്നാൽ, എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്ന നിലപാടാണ് കമ്പനികൾ സ്വീകരിച്ചത്. ഇന്ത്യൻ ഓയിൽ കമ്പനി പരിശോധനയ്ക്കായി നൽകിയത് 19 ശതമാനം എഥനോൾ അടങ്ങിയ പെട്രോളായിരുന്നു.
നിലവിൽ 'സിലിണ്ട്രിക്കൽ മെത്തേഡ്' വഴിയാണ് സർക്കാർ ലാബുകളിൽ പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നത്. ഈ പരിശോധന കൃത്യമായി നടത്തുന്നതിന് ശുദ്ധമായ പെട്രോൾ അനിവാര്യമാണ്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ശുദ്ധമായ പെട്രോൾ വിട്ടുനൽകാത്ത എണ്ണക്കമ്പനികളുടെ നിലപാടിനെതിരെ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിഷയത്തിൽ നിയമോപദേശം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.