അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാർമാർക്ക് നിർദ്ദേശം നല്‍കിയത്. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

09:38 PM (IST) Feb 20
എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ ആരുടെയാണെന്ന് കണ്ടെത്തിയിട്ടില്ല.
09:37 PM (IST) Feb 20
ആലപ്പുഴ അരൂക്കുറ്റിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടർന്ന് 3 ദിവസമായി വീടിന് പുറത്ത് കഴിയുകയായിരുന്ന കുടുബത്തിന് സഹായമെത്തിച്ച് വിദേശമലയാളി. കുടുംബത്തിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറംലോകത്തെത്തിച്ചത്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബഹ്റൈനിൽ നിന്നും വിദേശമലയാളിയാണ് കുടുംബത്തെ സഹായിക്കാനെത്തിയത്. കുടിശ്ശിക തുകയായ 3,56,000 രൂപ കൈമാറി.
09:37 PM (IST) Feb 20
ആലപ്പുഴ അരൂക്കുറ്റിയിൽ വീട് ജപ്തിയിലായതിനെ തുടർന്ന് കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് ജപ്തി ചെയ്തത്. ആധാർ ഹൗസിങ്ങ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് വായ്പാ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്തത്. 14 മാസത്തെ അടവാണ് മുടങ്ങിയത്. മൂന്നര ലക്ഷം രൂപയാണ് കുടിശ്ശിക
09:36 PM (IST) Feb 20
നേരത്തെ സമ്പത്തിന് നല്‍കിയ ആനുകൂല്യങ്ങൾ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് കെവി തോമസ്. യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശുപാര്‍ശയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
09:36 PM (IST) Feb 20
ബ്രൂവറി പോലുള്ള കാര്യങ്ങൾ മാധ്യമചർച്ചയാക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രോമാഞ്ചം ഉണ്ടാക്കുന്നത് പറയാനാകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നിലപാട് സിപിഐ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു
09:35 PM (IST) Feb 20
കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന ഹർത്താലിന് ലത്തീൻ സഭയുടെ ഐക്യദാർഢ്യം. ഈ മാസം 27നാണ് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായുള്ള തീരദേശ ഹർത്താലിൽ ലത്തീൻ സഭയും പങ്കുചേരും.
05:42 PM (IST) Feb 20
സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്.
04:39 PM (IST) Feb 20
യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു.
04:38 PM (IST) Feb 20
രാജ്യതലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി. രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
04:38 PM (IST) Feb 20
വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
10:02 AM (IST) Feb 20
ഗവർണറുടെ അതൃപ്തിക്കിടെ യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പല വിസിമാരും പരിപാടി ബഹിഷ്കരിച്ചേക്കും.
10:01 AM (IST) Feb 20
കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്‍സനെതിരെ കൂടുതൽ അന്വേഷണം നടത്താൻ വിജിലന്‍സ്. അറസ്റ്റിലായ ജെര്‍സണ്‍ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ജെര്‍സന്‍റെയും കുടുംബാംഗങ്ഹളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.
ജെർസൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് വിജിലൻസ് മോട്ടോർ വാഹന വകുപ്പിന് കൈമാറും. അതേസമയം, ജെര്‍സനെതിരെ ഗതാഗത വകുപ്പ് നടപടിയെടുക്കും. ജെർസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും. ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടയാണ് ഇന്നലെ എറണാകുളം ആർടിഒ പിടിയിലായത്.
10:01 AM (IST) Feb 20
സുരക്ഷിത ദില്ലിക്കാണ് തന്റെ മുൻഗണനയെന്ന് ദില്ലി നിയുക്ത മുഖ്യമന്ത്രി രേഖാ ഗുപ്ത. ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകും. രാജ്യതലസ്ഥാനമായ ദില്ലിക്ക് പുതിയ മുഖഛായ നൽകും. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കും. ജനങ്ങളുടെ പിന്തുണ ഇനിയും തുടരണം. ജനങ്ങളെ ഒപ്പം നിർത്തി മുന്നോട്ട് പോകുമെന്നും രേഖാ ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
10:00 AM (IST) Feb 20
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് തേക്കടിയിലെത്തി. 10 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ടാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. തകരാറിലായതിനെ തുടർന്ന് 15 വർഷം മുൻപ് ബോട്ട് കരക്കടുപ്പിച്ചു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ അണക്കെട്ടിലെത്തിയിരുന്നത്. ഇതുമൂലം പലപ്പോഴും പരിശോധന മുടങ്ങിയിരുന്നു.
10:00 AM (IST) Feb 20
യൂസ്ഡ് കാര്‍ ഡീലർമാർ കൃത്യമായി രജിസ്ട്രേഷൻ ചെയ്യാത്ത് മൂലം സംസ്ഥാന സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്. 1.407 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ പരാജയമാണ് ഇത്രയും നഷ്ടം ഉണ്ടാകാനുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
06:28 AM (IST) Feb 20
വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ.മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്. കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
06:11 AM (IST) Feb 20
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ചികിത്സയിൽ തുടരുന്ന മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.