Published : Mar 05, 2023, 12:44 PM ISTUpdated : Mar 05, 2023, 01:26 PM IST

Malayalam News Live: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന

Summary

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തുന്നു. പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്. 

Malayalam News Live: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന

01:26 PM (IST) Mar 05

ലോക് സഭ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യം, പ്രതികരിച്ച് രാഹുൽ ഗാന്ധി

രണ്ടായിരത്തി ഇരുപത്തിനാലിലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം എങ്ങനെയായിരിക്കുമെന്നത് സസ് പെന്‍സാണെന്ന്  രാഹുല്‍ ഗാന്ധി. ലണ്ടനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.  ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തുകയാണെന്നും, പ്രതിപക്ഷ സ്വരം ഉയര്‍ത്തുന്നതിനായാണ് താന്‍ ഭാരത് ജോഡാ യാത്ര നടത്തിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

01:05 PM (IST) Mar 05

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: പത്തു പ്രതികളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ  ഓഫീസിനുനേരെയുണ്ടായ എസ് എഫ് ഐ അതിക്രമത്തിൽ പത്തുപ്രതികളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് ഓഫീസിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി  പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.

 

12:57 PM (IST) Mar 05

അപകടത്തിൽ യുവാവ് മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

അപകടത്തിൽ യുവാവ് മരിച്ചു. തൃശൂർ പറവട്ടാണി ചർച്ചിന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന യുവാവാണ് മരിച്ചത്. 20 വയസ് തോന്നിപ്പിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല

12:55 PM (IST) Mar 05

ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും വിയ്യൂര്‍ സെൻട്രൽ ജയിലിലേക്ക് മാറ്റി

കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂർ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയിൽ മാറ്റം. രാവിലെ ഒൻപത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. 

12:55 PM (IST) Mar 05

പുള്ളിമാൻ ചത്ത നിലയിൽ

പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. വാഹനം ഇടിച്ച് ചത്തതാണോ എന്നാണ് സംശയിക്കുന്നത്. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ ജഡം കണ്ടത്. വിവരമറിഞ്ഞ് കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.  

12:52 PM (IST) Mar 05

ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ അക്രമം

ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ അക്രമം. മൂന്നാര്‍ നെയ്മക്കാട് പടയപ്പ കെഎസ്ആര്‍ടിസി ബസ് അക്രമിച്ച് മിറര് ഗ്ലാസ് തകർത്തു. പൂപ്പാറയില്‍ തലക്കുളത്ത് ആരിക്കൊമ്പൻ വീണ്ടുമിറങ്ങി. ബസവരാജ് എന്നയാളുടെ വീട് ഭാഗീകമായി തകര്‍ത്തു. 

12:47 PM (IST) Mar 05

വിമാനത്തിൽ യാത്രക്കാരന് മേൽ മൂത്രമൊഴിച്ചു; അതിക്രമം ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ

വിമാനത്തിൽ യാത്രക്കാരന് മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി വീണ്ടും പരാതി. അമേരിക്കയിലെ ജോൺ എഫ് കെനഡി വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിൽ വെച്ചാണ് സംഭവമുണ്ടായത്. മദ്യപിച്ച വിദ്യാർത്ഥിയായ ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന് മേൽ മൂത്രമൊഴിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിക്കെതിരെ പരാതി ലഭിച്ചതായി ഡിസിപി സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 9. 50നാണ് വിമാനം ദില്ലിയിൽ എത്തിയത്. 

12:47 PM (IST) Mar 05

ഇറാനിൽ വീണ്ടും പെൺകുട്ടികൾക്ക് നേരെ വിഷപ്രയോഗം

ഇറാനിൽ വീണ്ടും പെൺകുട്ടികൾക്ക് നേരെ വിഷപ്രയോഗം. അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോ‍ർട്ട് ചെയ്തു. പടിഞ്ഞാറൻ ഹമീദാൻ, സ‌ൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി റിപ്പോർട്ടുകൾ ഉയർന്നിട്ടുള്ളത്. ആശുപത്രികളിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കുറ്റപ്പെടുത്തി. 

 

12:45 PM (IST) Mar 05

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല.

12:45 PM (IST) Mar 05

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തുന്നു. പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്. 


More Trending News