Published : Jul 25, 2024, 05:53 AM IST

Malayalam news live : ഇന്ന് നിർണായകം, പുഴയുടെ അടിത്തട്ടിലേക്ക് ദൗത്യസംഘം

Summary

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. 

Malayalam news live :   ഇന്ന് നിർണായകം, പുഴയുടെ അടിത്തട്ടിലേക്ക് ദൗത്യസംഘം

10:21 AM (IST) Jul 25

മക്കള്‍ക്കൊപ്പം ആഹാരം കഴിക്കവേ വീട്ടിലിട്ട് വെട്ടിക്കൊന്നു, അഞ്ചൽ രാമഭദ്രൻ വധക്കേസിൽ വിധി ഇന്ന്

ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിന്റെ വിധി ഇന്ന്. സംഭവം നടന്ന് 14 വ‍ർഷത്തിന് ശേഷമാണ് കൊല്ലത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പ്രതിയായകേസിന്റെ വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. 

10:21 AM (IST) Jul 25

59 കുട്ടികൾക്ക് മഞ്ഞപ്പിത്തം, അരൂർ എഎംയുപി സ്കൂൾ അടച്ചു

പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു. 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു. ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.  

10:19 AM (IST) Jul 25

മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി

മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഒരാൾക്ക് പരിക്ക്. പുലർച്ചെയായിരുന്നു  അപകടം. പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്നിരുന്ന കാർ നിയന്ത്രണം വിട്ട് പുതിയ കാവ് വളവിലെ  കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന എമ്മാട് സ്വദേശി കിള്ളിക്കുളങ്ങര വിഷ്ണുവിന് പരിക്കേറ്റു. ഇയാളെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10:19 AM (IST) Jul 25

ഐബോഡ് ഉപയോഗിച്ച് പരിശോധന

ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. 

10:18 AM (IST) Jul 25

ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേനയും

നിലവിൽ നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ്. പുഴയുടെ ഒഴുക്കിന്‍റെ ശക്തി അടക്കം ഗ്രൗണ്ട് റിപ്പോ‍ർട്ടുകൾ അനുസരിച്ചാകും തുടർനടപടികൾ നാവിക സേന സ്വീകരിക്കുക. നിലവിൽ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. അത് പകുതിയോളം കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കും. കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യതകൾ നാവികസേന പരിശോധിക്കുന്നുണ്ട്. 

10:18 AM (IST) Jul 25

മിഷൻ അർജുൻ നിർണായക ഘട്ടത്തിൽ

മിഷൻ അർജുൻ നിർണായക ഘട്ടത്തിൽ. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം അൽപ്പസമയത്തിനുളളിൽ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കൂടുതൽ സംഘങ്ങളും ഉടൻ എത്തും.

07:08 AM (IST) Jul 25

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം.

07:08 AM (IST) Jul 25

ഇ-ഫയലിംഗ് പണിമുടക്കി, സംസ്ഥാനത്ത് സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനം

 സംസ്ഥാനത്ത് സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനം. രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്നം പരിഹരിക്കാൻ എൻഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. 

05:54 AM (IST) Jul 25

അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിവസം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ IBOD ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും


More Trending News