വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമസഭ. പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ചപ്പോൾ കേന്ദ്ര നയത്തിൽ തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രസംഗം. വയനാട് ദുരിത ബാധിതർക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിഞ്ഞു. ഒക്ടോബര്‍ ഏഴിനായിരിക്കും നിയമസഭ സമ്മേളനം വീണ്ടും തുടരുക.

01:05 PM (IST) Oct 04
സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
01:05 PM (IST) Oct 04
പി വി അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ്.
01:04 PM (IST) Oct 04
വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം നല്‍കിയത്. അതേസമയം, ചെലവഴിച്ച തുകയെന്ന പേരിൽ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
01:04 PM (IST) Oct 04
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു വിമാനത്തില്‍ നിന്ന് പുക ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
01:04 PM (IST) Oct 04
56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാടായ ഇലന്തൂരിൽ എത്തിച്ചു. 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം വിലാപയാത്ര ആയിട്ടാണ് സഹോദരന്റെ വീട്ടിൽ എത്തിച്ചത്. ധീര സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇലന്തൂരിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത്. തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പൂർണ്ണ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടത്തും.
01:03 PM (IST) Oct 04
പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നടി കാസര്‍കോട് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.
01:02 PM (IST) Oct 04
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ മോഹൻ രാജിന്‍റെ സംസ്കാരം ഇന്ന് നടക്കും. തിരുവനനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം . ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹൻ രാജിന്‍റെ മരണം.
01:02 PM (IST) Oct 04
മന്ത്രി സ്ഥാനം വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. മന്ത്രിസ്ഥാനത്തിനുള്ള തന്‍റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് തുറന്നടിച്ചു. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
01:02 PM (IST) Oct 04
നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
01:01 PM (IST) Oct 04
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയാടെ പാസായതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. പഞ്ചായത്തിലെ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെ എൽഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
06:31 AM (IST) Oct 04
ഇടുക്കി കാന്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത് .ആന ചരിഞ്ഞത് ഷോക്കേറ്റ് എന്ന് പ്രാഥമിക നിഗമനം .സോളാർ വേലിയിലേക്ക് അമിത വൈദ്യുതി നൽകി എന്ന് വനം വകുപ്പ് സംശയിക്കുന്നു .പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്.
06:17 AM (IST) Oct 04
56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് നടക്കും. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതേദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും . പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും.
06:17 AM (IST) Oct 04
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ഡിജിപി ഇന്ന് റിപ്പോർട്ട് സർക്കാരിന് കൈമാറിയേക്കും. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചർച്ചയിലെ ന്യായീകരണങ്ങൾ തള്ളുന്നതാണ് ഡിജിപിയുടെ റിപ്പോർട്ടെന്നാണ് സൂചന. സ്വകാര്യ സന്ദർശനമെന്നായിരുന്നു എഡിജിപി യുടെ മൊഴി.
06:16 AM (IST) Oct 04
സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.