Mullaperiyar Dam Issue| 'സര്‍ വെള്ളം തരാം ജീവനെടുക്കരുത്'; സ്റ്റാലിന്റെ പേജില്‍ മലയാളികളുടെ കമന്റ് വര്‍ഷം

By Web TeamFirst Published Oct 25, 2021, 1:28 PM IST
Highlights

ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കൂടുതല്‍ കമന്റുകളും.
 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ (MK Stalin) ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍. ഡാം ഡീകമ്മീഷന്‍(Dam decommission)  ചെയ്യണമെന്നാണ് മിക്ക മലയാളികളും ആവശ്യപ്പെടുന്നത്.

'സര്‍, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്' എന്നുതുടങ്ങിയ കമന്റുകളാണ് ഏറെയും. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ്ടാഗില്‍ ക്യാമ്പയിനും നടക്കുന്നുണ്ട്. ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കൂടുതല്‍ കമന്റുകളും. മുഖ്യമന്ത്രിയുടെ ഓരോ പോസ്റ്റിന് കീഴിലും നിരവധി മലയാളികളുടെ കമന്റുകളാണ് വരുന്നത്. തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ മടിയില്ലെന്നും എന്നാല്‍ മലയാളികളുടെ ജീവന് ഭീഷണിയായ ഡാം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെടുന്നു. 

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന മലയാളികളുടെ കമന്റ്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതുമാണ് വീണ്ടും ആശങ്കക്കിടയാക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. സിനിമാ താരങ്ങളടക്കം പ്രതികരണവുമായി എത്തിയതോടെയാണ് പ്രചാരണം ചൂടുപിടിച്ചത്. 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നത്. അന്ന് 50 വര്‍ഷമായിരുന്നു കാലാവധി പറഞ്ഞിരുന്നത്.

അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളാനാകില്ലെന്നും യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ  റിപ്പോര്‍ട്ട് പുറത്തുവന്നതും ആശങ്ക വര്‍ധിപ്പിച്ചു. അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയാക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയര്‍ത്താനായി ബേബി ഡാം ബലപ്പെടുത്താന്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നും കേരളം എതിര്‍ക്കുകയുമാണെന്നാണ് തമിഴ്‌നാട് പറയുന്നത്.
 

click me!