സൈന്യത്തിൽ ചേരാൻ 42 ദിവസം കൊണ്ട് കുറച്ചത് 20 കിലോ, കാർഗിൽ യുദ്ധകാലത്ത് സുപ്രധാന ദൗത്യം; ഓർമകൾ പങ്കുവച്ച് മലയാളി ജവാൻ

Published : Jul 26, 2025, 02:27 PM IST
Lieutenant Colonel John Jacob

Synopsis

യുദ്ധകാലത്ത് ദില്ലിയിൽ സ്റ്റാഫ് ഓഫിസറായിരുന്ന ഡോ. ജോണ്‍ ജേക്കബ്ബിന്‍റെ നേതൃത്വത്തിലാണ് വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. 

പത്തനംതിട്ട: കാർഗിൽ വിജയ ദിനത്തിന്‍റെ ഓർമകളിലാണ് മലയാളിയായ ലഫ്റ്റനന്‍റ് കേണൽ ഡോ.ജോൺ ജേക്കബ്. കാർഗിൽ യുദ്ധത്തിനിടെ നാടിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹം ജന്മനാടുകളിലെത്തിക്കാൻ നേതൃത്വം നൽകിയത് ജോൺ ജേക്കബാണ്. പുതിയകാവ് സ്വദേശിയായ ഡോ. ജോൺ ജേക്കബ്, കാർഗിൽ യുദ്ധം നടക്കുമ്പോൾ ദില്ലിയിലെ ആർമി സ്റ്റാഫ് ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു.

സേനയിൽ ചേരാൻ കഠിനാധ്വാനം ചെയ്ത് ശരീര ഭാരം കുറച്ച ഓർമകളും ഡോ. ജോൺ ജേക്കബ് പങ്കുവച്ചു. നാഗ്‌പുർ എൻഐടിയിൽ നിന്നും സിവിൽ എൻജിനീയറിങ് കഴിഞ്ഞ ശേഷമാണ് പട്ടാളത്തിൽ ചേരാൻ തീരുമാനിച്ചത്. പക്ഷേ ബെംഗളൂരുവിലെ പട്ടാള ആശുപത്രിയിൽ നടന്ന പരിശോധനയിൽ ശരീര ഭാരം കൂടുതൽ ആയതിനാൽ ഡോ. ജോൺ ജേക്കബിന് ആദ്യ ലിസ്റ്റിൽ ഇടം കിട്ടിയില്ല. ശരീര ഭാരം 6 ആഴ്ച‌ കൊണ്ട് 20 കിലോ കുറച്ച് 64 കിലോ ആക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. നാട്ടിലെത്തിയ ശേഷം ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറച്ചെന്ന് ജോണ്‍ ജേക്കബ്ബ് പറയുന്നു.

42-ാം ദിവസം ബെംഗളൂരുവിലെ പട്ടാള ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയപ്പോൾ ഭാരം 63 കിലോ. ആൾമാറാട്ടം നടത്തിയോ എന്ന് ഉദ്യോഗസ്ഥർക്ക് സംശയം. ഒടുവിൽ ശരീരഭാരം കുറച്ചതിന്‍റെയും എസ്എസ്എൽസി ബുക്കിലെയും വിവരങ്ങളാണ് അന്ന് തന്നെ രക്ഷിച്ചതെന്ന് ജോണ്‍ ജേക്കബ് പറയുന്നു. അങ്ങനെ 1988ൽ പട്ടാളത്തിൽ ചേർന്ന ജോണ്‍ ജേക്കബ് ലഫ്റ്റനന്‍റ്, ക്യാപ്റ്റൻ, മേജർ, ലഫ്റ്റനന്‍റ് കേണൽ എന്നീ സ്ഥാനങ്ങളിലെത്തി. സർവീസ് 10 വർഷം ബാക്കിയുണ്ടായിരുന്നപ്പോൾ ഡോ.ജോൺ ജേക്കബ് സ്വയം വിരമിച്ചു. ഇന്ന് നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഭാര്യ സോഫിയ ജോൺ, മകൾ ജോസ്‌ന ഗ്രേസ് ജോൺ, മരുമകൻ ലെജീവ് എം സാബു എന്നിവർ കൂടെയുണ്ട്.

കാര്‍ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്

രാജ്യം ഇന്ന് വിജയ ദിവസ് സ്മരണയിലാണ്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞ് പുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. 1999ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി.

16,000 മുതൽ 18,000 അടി വരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയവും പ്രഖ്യാപിച്ചു. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇരുപത്തിയാറാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നടന്നു. കാർഗിൽ വിജയ ദിവസത്തിൽ പാകിസ്ഥാന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശക്തമായ താക്കീത് നൽകി. പാകിസ്ഥാന്റെ ഭീകരതയ്ക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം നൽകിയത്. ഭീകരതയെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കരസേന മേധാവി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി