
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അര്‍ജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നത്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല.
ഡ്രെഡ്ജിങ് യന്ത്രം ഗോവയിൽ നിന്ന് കടൽ മാർഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഡൈവിങ് സാധ്യതകൾ തേടുക. നദിയുടെ നടുവിലുള്ള മൺകൂനയോട് ചേർന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തൽ. ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിൽ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam