
തിരുവനന്തപുരം: പതിനാലാമത് ശ്രീനിവാസ റായപ്രോൾ കവിതാ പുരസ്കാരം മലയാളിയായ ഡോ. ശ്യാം സുധാകർ ഏറ്റുവാങ്ങി. ഹൈദരാബാദ് ലിറ്റററി ഫെസ്റ്റിവല്ലിലെ കാവ്യധാര വേദിയിൽ നടന്ന ചടങ്ങിലാണ് അവാർഡ് നൽകപ്പെട്ടത്.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ഡോ. ശ്യാം സുധാകർ തൃശൂർ സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിൽ അധ്യാപകനാണ്. ഈ വർഷം ലഭിച്ച 114 എൻട്രികളിൽ നിന്ന് പ്രശസ്ത കവി മണി റാവുവും ഹൈദരാബാദ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ രണ്ട് ഫാക്കൽറ്റി അംഗങ്ങളും അടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിന് ശ്യാം സുധാകറിനെ തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ സർഗ്ഗാത്മക രചനയ്ക്കുള്ള സുപ്രധാന അവാർഡായ ശ്രീനിവാസ റായപ്രോൾ കവിതാ പുരസ്കാരം നൽകുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള ശ്രീനിവാസ് റായപ്രോൾ ലിറ്റററി ട്രസ്റ്റും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെൻ്റും സംയുക്തമായാണ്. പ്രമുഖ കവികളായ ജിത്ത് തയ്യിൽ, സുദീപ് സെൻ, കേക്കി ദാരുവല്ല, അരുന്ധതി സുബ്രഹ്മണ്യം, കെ. ശ്രീലത, മനോഹർ ഷെട്ടി, അരവിന്ദ് കൃഷ്ണ മെഹ്‌റോത്ര, രഞ്ജിത് ഹോസ്‌കോട്ടെ, വിവേക് നാരായണൻ, ഇ.വി. രാമകൃഷ്ണൻ, ഗീവ് പട്ടേൽ, മാമാങ് ദായ്, വിനയ് ധർവാഡ്കർ എന്നിവർ ഈ പുരസ്കാരത്തിൻ്റെ മറ്റ് ജൂറി അംഗങ്ങളായിരുന്നു.
മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ശ്യാം സുധാകറിന്റെ കവിതകൾ തമിഴ്, ഹിന്ദി, ബംഗാളി, ചൈനീസ്, ഫ്രഞ്ച് എന്നിങ്ങനെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രെഞ്ച്ഡ് ബൈ ദി സൺ, സ്ലൈസിംഗ് ദ മൂൺ, ഈർപ്പം, അവസാനത്തെ കൊള്ളിമീൻ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
ശ്യാം സുധാകർ കവിതകളിലെ ചരിത്രപരമായ ദർശനങ്ങളെ കുറിച്ചും മാജിക്ക് റിയലിസ്റ്റിക്ക് ബിംബങ്ങൾ അനായാസമായി അടുക്കിവയ്ക്കുന്ന അദ്ദേഹത്തിൻ്റെ കാവ്യരീതിയെയും ഭാഷയിലെ ഒഴുക്കിനെയും കുറിച്ചും പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി മണി റാവു സംസാരിച്ചു. പ്രൊഫസർ അപർണ റായപ്രോൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam