റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി തിരിച്ചെത്തി; ദില്ലിയിൽ സിബിഐ മൊഴിയെടുക്കുന്നുവെന്ന് വീട്ടിൽ വിവരമെത്തി

Published : Mar 31, 2024, 09:01 AM ISTUpdated : Mar 31, 2024, 09:02 AM IST
റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി തിരിച്ചെത്തി; ദില്ലിയിൽ സിബിഐ മൊഴിയെടുക്കുന്നുവെന്ന് വീട്ടിൽ വിവരമെത്തി

Synopsis

തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്.  

വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട്  റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം ദില്ലിയിലെത്തിയത്. രാവിലെ 6.15ഓടെ സിബിഐ ഓഫീസിൽ നിന്നും നാട്ടിലെ ബന്ധുക്കളെ ഇക്കാര്യം വിളിച്ചറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്.  വാട്സാപ്പിൽ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ദില്ലിയിലെത്തി. പിന്നിട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ഇരുവർക്കും റഷ്യൻ-യുക്രെയിൻ യുദ്ധത്തിൽ പരിക്കേറ്റു. റിക്രൂട്ടിംഗ് ഏജൻസിയുടെ തട്ടിപ്പിനിരയായി യുദ്ധഭൂമിയിലെത്തിയ ഇവരുടെ ദുരവസ്ഥ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇടപെട്ടിരുന്നു. പരിക്കേറ്റ് പള്ളിയിൽ അഭയം തേടിയ ഇരുവരെയും ഇന്ത്യൻ എംബസ്സിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് ഇപ്പോൾ സിബിഐ അന്വേഷിക്കുകയാണ്. തട്ടിപ്പിനിരയായവർ തിരിച്ചെത്തിയതോടെ സിബിഐക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരം കിട്ടും. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ പേരെ റഷ്യയിലെ യുദ്ധമുഖത്തേക്ക് ഇടനിലക്കാർ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ