
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കത്തി കൊണ്ട് മുറിവേൽപിക്കുകയും നടുറോഡിൽ അഴിഞ്ഞാടുകയും ചെയ്ത രണ്ട് മലയാളി യുവാക്കൾ പിടിയിൽ. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. ഇന്നലെ വൈകീട്ട് ഇലക്ട്രോണിക് സിറ്റി സെക്കൻഡ് ഫേസിൽ ടാക്സി കാറിൽ എത്തിയ രണ്ടംഗ സംഘമാണ് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവാക്കൾ എത്തിയ ടാക്സി കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
അനധികൃത പാർക്കിംഗ് ചോദ്യം ചെയ്ത സ്ഥലമുടമ, ബിഎംടിസി മുൻ കണ്ടക്ടർ കൂടിയായ രാമചന്ദ്രനെ ഇരുവരും കത്തി കൊണ്ട് ആക്രമിച്ചു. ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഇരുവരും കാറിൽ രക്ഷപ്പെട്ടെങ്കിലും സമീപത്തെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി. ഇതോടെ നാട്ടുകാർ ഇവരെ വളയുകയായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും പ്രകോപനം സൃഷ്ടിച്ചതോടെ ആൾക്കൂട്ടം ഇവരെ നേരിട്ടു. ഇതിനിടയിൽ കല്ല് കൊണ്ടും സമീപത്തെ ബേക്കറിയിൽ നിന്നെടുത്ത ശീതള പാനീയ കുപ്പികൾ കൊണ്ടും ഇരുവരും നാട്ടുകാരെ ആക്രമിച്ചു.
കൂടുതൽ നാട്ടുകാരെത്തിയതോടെ ഇരുവരും സമീപത്തെ ബേക്കറിയിലേക്ക് ഓടിക്കയറി. ഇതോടെ ഷട്ടർ അടച്ച നാട്ടുകാർ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പരപ്പന അഗ്രഹാര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ വെളുത്ത പൊടി നിറച്ച പാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മയക്കുമരുന്നാണോ എന്നാണ് സംശയം. ഇതിന്റെ സാന്പിൾ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയ്ക്കായാണോ യുവാക്കൾ ഇവിടെ എത്തിയത് എന്ന് സംശയമുണ്ട്. രണ്ടുപേരുടെയും പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam