മലയിൻകീഴ് പോക്സോ കേസ്: പൊലീസിനെതിരെ പെൺകുട്ടിയുടെ അമ്മ, മുഖ്യമന്ത്രിക്ക് പരാതി

By Web TeamFirst Published Dec 5, 2021, 9:02 AM IST
Highlights

സെപ്റ്റംബർ ഒന്നിന് മെഡിക്കൽ പരിശോധനയിൽ ലൈംഗിക ചൂഷണം തെളിഞ്ഞിട്ടും രാത്രി 11മണിയോടെ പ്രതിയുടെ വീട്ടിലേക്ക് തന്നെ എത്തിച്ച നടപടിയിലാണ് പെൺകുട്ടിയുടെ അമ്മയുടെ പ്രധാന ആക്ഷേപം

തിരുവനന്തപുരം: മലയൻകീഴ് പോക്സോ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ അമ്മ. കാട്ടാക്കട ഡിവൈഎസ്പി നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്ന് അവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. പോക്സോ കേസിൽ പ്രതിയെ സംരക്ഷിക്കാനാണ് പൊലീസിന്റെ നീക്കം. താൻ പ്രതിയായ വധശ്രമ കേസും ക്രൈംബ്രാഞ്ചിന് വിടണമെന്ന് അവർ ആവശ്യപ്പെട്ടു.

പോക്സോ കേസ് ഇരയെയും അമ്മയെയും പ്രതിയായ രണ്ടാനച്ഛന്‍റെ അടുക്കലേക്ക് കേസ് എടുത്ത ശേഷം എത്തിച്ച സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പൊലീസ് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുന്നുണ്ട്. വിവരങ്ങൾ തേടാൻ കാട്ടാക്കട ഡിവൈഎസ്പിയെ ഡിജിപി ചുമതലപ്പെടുത്തി.പരാതിക്കാരിയായ യുവതിയും ഡിവൈഎസ്പി ഓഫീസിൽ എത്തി വിവരങ്ങൾ കൈമാറിയിരുന്നു.

സെപ്റ്റംബർ ഒന്നിന് മെഡിക്കൽ പരിശോധനയിൽ ലൈംഗിക ചൂഷണം തെളിഞ്ഞിട്ടും രാത്രി 11മണിയോടെ പ്രതിയുടെ വീട്ടിലേക്ക് തന്നെ എത്തിച്ച നടപടിയിലാണ് പെൺകുട്ടിയുടെ അമ്മയുടെ പ്രധാന ആക്ഷേപം. ആ ദിവസം രാത്രി നടന്ന സംഘർഷത്തിൽ പോക്സോ പ്രതിക്ക് പരിക്കേറ്റിരുന്നു. വധശ്രമക്കേസ് ചുമത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 45 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് തന്റെ ദുരിത കഥ വെളിപ്പെടുത്തിയത്.

click me!