
കോഴിക്കോട്: കോഴിക്കോട് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎൽഎ ഉയര്‍ത്തിയ ആരോപണം ഞെട്ടിപ്പിക്കുന്നതെന്ന് കുടുംബം. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. ഇനി കേസ് സിബിഐ അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരൂ എന്നും കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ് കോഴിക്കോട്ടെ പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്കിറങ്ങിയ ആട്ടൂരിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. അന്നു രാത്രി തലക്കുളത്തൂര്‍ എന്ന സ്ഥലത്ത് അവസാന ലൊക്കേഷന്‍ കാണിച്ചു എന്നാണ് കുടുംബത്തെ പൊലീസ് അറിയിച്ചത്.
നഗരത്തിലെ പ്രധാനപ്പെട്ട പല ഇടപാടുകളുടേയും ഭാഗമായ, പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധം ഉണ്ടായിരുന്ന മാമി എവിടെ? ആരാണ് തിരോധാനത്തിന് പിന്നില്‍? ജീവിച്ചിരിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടാത്ത പശ്ചാത്തലത്തിലാണ് എഡിജിപിയെക്കൂടി ബന്ധപ്പെടുത്തിയുള്ള ആരോപണം ഭരണകക്ഷി എംഎല്‍എ തൊടുത്തുവിട്ടത്. പ്രമാദമായ കേസ് അട്ടിമറിച്ചു എന്ന് നേരത്തെ തന്നെ ആക്ഷന്‍കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
നടക്കാവ് പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ഈ അന്വേഷണത്തെക്കുറിച്ച് വലിയ പരാതികള്‍ ഉന്നയിച്ചു കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മലപ്പുറം എസ്പിയുടെ മേല്‍നോടത്തില്‍ പുതിയ സംഘത്തെ എഡിജിപി എംആര്‍ അജിത് കുമാര്‍ നിയോഗിച്ചത്. എന്നാല്‍ ഈ സംഘത്തിലും നേരത്തെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് കുടുംബം പറയുന്നു. പിവി അന്‍വറിന്റെ ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോഴുള്ള അന്വേഷണം തൃപ്തികരമല്ല. കേസ് സിബിഐക്ക് കൈമാറണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
കേരളത്തിന് അകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരെ അന്വേണസംഘം ചോദ്യം ചെയ്തിരുന്നു, ബാങ്ക് ഇടപാടുകള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയവയൊക്കെ പരിശോധിച്ചിട്ടും ഒരു വര്‍ഷമായിട്ടും ഒരു തുമ്പുപോലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ കുടുംബം നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam