
മാനന്തവാടി: കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാനന്തവാടി പോലീസിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് പിടികൂടി. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54) ആണ് പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച കേസിലെ പ്രതിയാണ ഇയാൾ.
2004 ജനുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കട പൂട്ടി ഏകദേശം 80,000 രൂപയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മലഞ്ചരക്ക് വ്യാപാരിയെ പുതിയകോട്ടയിൽ വെച്ച് മുനീറും സംഘവും ആക്രമിച്ച് പണം കവരാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഹൊസ്ദുർഗ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ജാമ്യത്തിലിറങ്ങിയ മുനീർ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം, 'ചാത്തോത്ത് മുനീർ, ആമിന മൻസിൽ, നല്ലൂർനാട് പി.ഒ.' എന്ന വ്യാജ വിലാസത്തിൽ ഇയാൾ വയനാട്ടിൽ സ്ഥിരതാമസമാക്കി വരികയായിരുന്നു.
പ്രതി വയനാട്ടിലുണ്ടെന്ന കാസർഗോഡ് എസ്.പിയുടെ രഹസ്യവിവരത്തെ തുടർന്ന്, മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ.) റഫീക്കിന്റെ നിർദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ, സി.എം. നിസാർ എന്നിവർ രാത്രി തന്നെ പ്രതി താമസിച്ചിരുന്ന വീടും പരിസരവും നിരീക്ഷണത്തിലാക്കി. തുടർന്ന് ഹൊസ്ദുർഗ് പോലീസ് എ.എസ്.ഐ. ശ്രീജിത്ത് കാവുങ്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam