
കണ്ണൂര്‍: അവയവക്കച്ചവട മാഫിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതിനിടെ കണ്ണൂരില്‍ വൃക്ക വില്‍ക്കാൻ ഭര്‍ത്താവും ഇടനിലക്കാരനും നിര്‍ബന്ധിച്ചുവെന്ന യുവതിയുടെ പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് പറഞ്ഞ ബെന്നി എന്നയാളാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ഇക്കാര്യം പറഞ്ഞത്.
താൻ വൃക്ക കച്ചവടത്തില്‍ ഇടനിലക്കാരനല്ലെന്നും, തന്‍റെ പേര് പറയുന്നത് യുവതിക്ക് പണം തട്ടാനുള്ള പരിപാടിയാണെന്നുമാണ് ബെന്നി പറയുന്നത്.
വൃക്ക കച്ചവടത്തില്‍ ഇടനിലക്കാരനല്ല, പക്ഷേ വവൃക്കദാനത്തിന്‍റെ നടപടിക്രമങ്ങൾ ആളുകൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്, യുവതിയുടെ ഭർത്താവ് സമീപിച്ചപ്പോൾ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു, വൃക്ക സ്വീകരിക്കുന്നവരോട് യുവതി 20 ലക്ഷം ആവശ്യപ്പെട്ടു, ഇത് നൽകാതിരുന്നപ്പോൾ പരാതിയുമായി എത്തിയിരിക്കുകയാണ്, തന്‍റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണെന്നും ബെന്നി.
ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ നെടുംപൊയിലില്‍ സ്വദേശിയായ ആദിവാസി യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഭര്‍ത്താവും ഇടനിലക്കാരനും വൃക്ക കച്ചവടത്തിന് നിര്‍ബന്ധിച്ചു, വൃക്ക നല്‍കിയാല്‍ കിട്ടുന്നത് 40 ലക്ഷമാണെന്നും കരള്‍ നല്‍കിയാല്‍ അതില്‍ക്കൂടുതല്‍ ലഭിക്കുമെന്നും പറഞ്ഞ് ധരിപ്പിച്ചു, എന്നാല്‍ ദാതാവിന് വെറും 9 ലക്ഷം നല്‍കി ബാക്കി പണം മുഴുവൻ ഇടനിലക്കാരൻ തട്ടിയെടുക്കുന്നതാണ് പതിവെന്നുമെല്ലാമാണ് യുവതി വെളിപ്പെടുത്തിയത്.
ഇടനിലക്കാരൻ ബെന്നിയും വൃക്ക നല്‍കിയ ആളാണ്, അയാള്‍ ഇടപെട്ട് അമ്പതോളം പേരെ അവയവക്കച്ചവടത്തിന് ഇരയാക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാലീ വാദങ്ങള്‍ പൊലീസ് മുഴുവനായും വിശ്വാസത്തിലെടുത്തിരുന്നില്ല. ഇടനിലക്കാരുമായുണ്ടായ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് യുവതിയെ വെളിപ്പെടുത്തലിലേക്ക് നയിച്ചതെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഇതിലേക്കുള്ള കൂടുതല്‍ സൂചനകളാണ് ബെന്നിയും നല്‍കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam