
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് ക്രൂരമായ മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടി ദുബായിൽ ഐടി മാനേജരായ കാസർകോട് സ്വദേശിയുടെ പരാതി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് എരിയൽ സ്വദേശിയായ ഹുസൈനാർ മഹ്‌ഷാദ് മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണർ, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ എന്നിവർക്ക് പരാതി നൽകി.
പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താൻ കഴിയാതിരുന്നിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 19-ന് രാവിലെ ഫുജൈറയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് മഹ്‌ഷാദ് കണ്ണൂരിലിറങ്ങിയത്. വീടിന് 50 കിലോമീറ്റർ മാത്രം അകലെയുള്ള മംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കുന്നതിന് പകരം കേരളത്തിലെ വിമാനത്താവളം തെരഞ്ഞെടുക്കുകയും കണ്ണൂരിലേക്ക് ടിക്കറ്റെടുക്കുകയുമായിരുന്നു. ഇതിനായി 350 ദിർഹവും (ഏകദേശം 9,000 രൂപ) ടാക്സി ഇനത്തിൽ അയ്യായിരത്തോളം രൂപയും അധികം ചെലവഴിക്കേണ്ടി വന്നു.
എന്നാൽ ബാഗേജ് ശേഖരിച്ച ശേഷം പാസ്‌പോർട്ട് പരിശോധിച്ച വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ, വീടിനടുത്തുള്ള മംഗളൂരുവിന് പകരം എന്തുകൊണ്ട് കണ്ണൂർ തെരഞ്ഞെടുത്തു എന്ന് ചോദിച്ചു. വ്യക്തമായ കാരണം വിശദീകരിച്ചിട്ടും തന്നെ പ്രത്യേകം മുറിയിലേക്ക് മാറ്റി ദേഹപരിശോധന നടത്തുകയുമായിരുന്നുവെന്ന് മഹ്‌ഷാദ് പറഞ്ഞു.
ബാഗേജുകൾ വിശദമായി സ്‌കാൻ ചെയ്തിട്ടും സ്വർണ്ണമോ മറ്റ് നിരോധിത വസ്തുക്കളോ കണ്ടെത്താനായിരുന്നില്ല. എന്നാൽ, പരിശോധന മുറിയിൽ വെച്ച് ഷർട്ട് ഒഴികെയുള്ള വസ്ത്രങ്ങൾ അഴിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ വരെ പരിശോധന നടത്തിയതായി പരാതിക്കാരൻ ആരോപിക്കുന്നു. പരിശോധന പൂർത്തിയായി പുറത്തിറങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരും ജീവനക്കാരും ഒത്തുകൂടി ഉറക്കെ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഗൾഫിലെ നിലവിലെ സംഘർഷാവസ്ഥകൾക്കിടയിൽ ജോലി ചെയ്യുന്നതിലെ മാനസിക സമ്മർദ്ദങ്ങൾക്കിടയിലാണ് നാട്ടിലെ കുടുംബത്തോടൊപ്പം കുറച്ചുദിവസം ചെലവഴിക്കാൻ എത്തിയത്. എന്നാൽ ഈ ദുരനുഭവം വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പതിവ് സുരക്ഷാ പരിശോധന മാത്രമാണ് നടന്നതെന്നും യാത്രക്കാരന്റെ ആരോപണങ്ങൾ പൂർണ്ണമായും ശരിയല്ലെന്നും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ടിഎൻ സുനിൽ പ്രതികരിച്ചു. കണ്ണൂർ വിമാനത്താവളം സുരക്ഷാ പ്രാധാന്യമുള്ള ഇടമായതിനാൽ കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ചില യാത്രക്കാരെ ക്രമരഹിതമായി ഇത്തരം പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. വ്യക്തിപരമായ വിരോധം മൂലം ആരെയും ലക്ഷ്യമിടുന്നില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam